പ്രണബ് മുക്കര്‍ജി വിദേശകാര്യ മന്ത്രിയായേക്കും
ദില്ലി: ഒക്ടോബര്‍ അവസാനം ഉണ്ടായേക്കാവുന്ന മന്ത്രിസഭാ പുന:സംഘടനയില്‍ വിദേശകാര്യ വകുപ്പിന്റെ ചുമതല പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജിക്ക് നല്‍കിയേക്കും.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്കും പ്രണബ് മുക്കര്‍ജി വിദേശകാര്യമന്ത്രിയാവണമെന്ന അഭിപ്രായമാണുള്ളത്. മുക്കര്‍ജിക്ക് വിദേശകാര്യ വകുപ്പ് ഏറ്റെടുക്കുന്നതില്‍ താത്പര്യമില്ലെങ്കിലും പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് പ്രസിഡന്റിന്റെയും താത്പര്യം മാനിച്ച് അതിന് തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.
ഇപ്പോഴത്തെ സാഹചര്യത്തില്‍ അനുഭവ പരിചയമുള്ള ഒരു വിദേശകാര്യമന്ത്രി വേണമെന്ന അഭിപ്രായമാണ് സോണിയക്കും മന്‍മോഹന്‍സിംഗിനുമുള്ളത്. പി.വി.നരസിംഹറാവു സര്‍ക്കാരില്‍ മുക്കര്‍ജി വിദേശകാര്യമന്ത്രിയായിരുന്നു.
ലോക്സഭയിലെ സഭാനേതാവും പ്രധാനമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭായോഗങ്ങളില്‍ അധ്യക്ഷത വഹിക്കുകയും ചെയ്യുന്ന പ്രണബ് മുക്കര്‍ജിയാണ് ഇപ്പോള്‍ മന്ത്രിസഭയില്‍ രണ്ടാമന്‍. വിദേശകാര്യമന്ത്രിസ്ഥാനം ഏറ്റെടുത്താല്‍ കൂടുതല്‍ വിദേശ യാത്രകള്‍ വേണ്ടിവരുന്നതോടെ പാര്‍ലമെന്റിലുള്ള മുക്കര്‍ജിയുടെ സാന്നിധ്യം കുറയും. ഏതാനും മന്ത്രിമാരുടെ ഗ്രൂപ്പുകളുടെ തലവനായ അദ്ദേഹത്തിന് ആ ചുമതലയും തുടര്‍ന്ന് കൊണ്ടുപോകാന്‍ കഴിയില്ല. ഇതൊക്കെ കാരണമാണ് വിദേശകാര്യ വകുപ്പ് ഏറ്റെടുക്കാന്‍ മുക്കര്‍ജിക്ക് താത്പര്യമില്ലാത്തത്.
കെ.ചന്ദ്രശേഖരറാവു രാജിവച്ചതോടെ തൊഴില്‍ വകുപ്പിന് മന്ത്രിയില്ല. പുന:സംഘടനയില്‍ പുതിയ തൊഴില്‍ മന്ത്രിയെ നിയമിച്ചേക്കും.
മഹാരാഷ്ട്ര ഗവര്‍ണറും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications