അബുസലിം യുപി തിരഞ്ഞെടുപ്പില്‍ മത്സരിക്കും
മുംബൈ: ഉത്തര്‍ പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധോലോക നേതാവ് അബു സലിം സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.
മുംബൈ സ്ഫോടനക്കേസ് അടക്കം എട്ടുകേസുകളില്‍ പ്രതിയാക്കപ്പെട്ട് മുംബൈയിലെ ആര്‍തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബു സലിമിന്റെ അഭിഭാഷകന്‍ അശോക് സരോഗിയാണ് മുബാറക്പുര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ജനവിധി തേടാന്‍ സലിം തീരുമാനിച്ച കാര്യം പ്രഖ്യാപിച്ചത്.
മത്സരിക്കാന്‍ തീരുമാനിച്ചതോടെ ജനങ്ങള്‍ക്ക് ദീപാവലിയും ഈദുല്‍ ഫീത്തറും ആശംസിച്ചുകൊണ്ടള്ള സലിമിന്റെ രണ്ടായിരത്തിലേറെ പോസ്ററുകള്‍ മണ്ഡലത്തിലുടനീളം പതിപ്പിച്ചിട്ടുണ്ട്.
തനിയ്ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങളില്‍ താന്‍ പങ്കാളിയല്ലെന്നും താനൊരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണെന്നും തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ ജനങ്ങള്‍ക്കുവേണ്ടിയും വികസനത്തിന് വേണ്ടിയും നിലകൊള്ളുമെന്നും പോസ്ററില്‍ എഴുതിയിട്ടുള്ള സന്ദേശത്തില്‍ സലിം വ്യക്തമാക്കിയിട്ടുണ്ട്.
മണ്ഡലത്തിലെ ഭൂരിഭാഗം ജനങ്ങളും അബുസലിം ഉള്‍പ്പെടുന്ന അന്‍സാരി വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ഇവിടെനിന്നും ജയിച്ചുകയറുക സലിമിനെ സംബന്ധിച്ച് വിഷമകരമല്ലെന്നും സരോഗി പറഞ്ഞു.
ഇതിനിടയില്‍ ശിവസേനയുടെ പ്രാദേശിക ഘടകം സലിമിന് പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. ശിവസേനയെക്കൂടാതെ മറ്റുചില രാഷ്ട്രീയപ്പാര്‍ട്ടികളുമായും സലിമിന് പിന്തുണ നല്‍കുന്ന കാര്യം ചര്‍ച്ചചെയ്ത് വരുകയാണെന്ന് സരോഗി അറിയിച്ചു.
എന്നാല്‍ ഈ പാര്‍ട്ടികളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അഭിഭാഷകന്‍ തയ്യാറായില്ല. ഇതുകൂടാതെ ഹിന്ദിസിനിമാരംഗത്തെ അഭിനേതാക്കളും മറ്റ് സിനിമാ പ്രവര്‍ത്തകരും സലിമിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചതായും അഭിഭാഷകന്‍ അറിയിച്ചു.
ഇവരുടെ പേരുകളും വെളിപ്പെടുത്തില്ലെന്നും എല്ലാവരും ഇപ്പോള്‍ സജീവമായി സിനിമാരംഗത്തുള്ളവരാണെന്നും സരോഗി വ്യക്തമാക്കി.
സലിമിന്റെ കുടുംബാംഗങ്ങളായിരിക്കും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. മുംബൈസ്ഫോടനക്കേസില്‍ ടാഡാ കോടതി സലിം കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതി സലിമിന്റെ ശിക്ഷ വിധിയ്ക്കും.
പോര്‍ച്ചുഗലില്‍ ഒളിവില്‍ കഴിയുകയായിരുന്ന സലിമിനെ ഇന്ത്യയുടെ അഭ്യര്‍ത്ഥനപ്രകാരം 2005 നവംബര്‍ 11ന് സിബിഐയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു.
വ്യാജപാസ്പോര്‍ട്ട് കേസില്‍ ശിക്ഷിക്കപ്പെട്ട സലിമിന്റെ കാമുകിയും ഹിന്ദി ചലച്ചിത്രതാരവുമായ മോണിക്ക ബേദിയും ഇപ്പോള്‍ ജയിലിലാണ്.












Click it and Unblock the Notifications