എല്‍ഡിഎഫ് യോഗത്തില്‍ ജനതാദളിന് വിമര്‍ശനം
തിരുവനന്തപുരം: നെയ്യാര്‍ ജലം പണം വാങ്ങി തമിഴ്നാടിന് നല്‍കാമെന്ന നിയമസഭാ പ്രമേയത്തെ കുറിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിരുന്നില്ലെന്ന ജനതാദള്‍ (എസ്) നേതാവ് കെ.കൃഷ്ണന്‍കുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ മുന്നണി ഏകോപന സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം.
ഗുരുതരമായ ഒരു പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ തമിഴ്നാട്ടിലെ വൈക്കോയെ പോലെ തടസം സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍ എന്നിവരും കൃഷ്ണന്‍കുട്ടിയുടെ നിലപാടിനെ വിമര്‍ശിച്ചു.
കൃഷ്ണന്‍കുട്ടിയുടെ പ്രസ്താവന യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് ജലവിഭവ മന്ത്രി എന്‍.കെ.പ്രേമചന്ദ്രനാണ്. യുഡിഎഫിന്റെ കാലത്ത് ഒപ്പുവയ്ക്കാന്‍ തയ്യാറാക്കിവച്ചിരുന്ന കരാര്‍ ഇപ്പോള്‍ സോപാധികമായിട്ടാണ് കേരളം മുന്നോട്ടുവച്ചിട്ടുള്ളതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
സദുദ്ദേശ്യത്തോടെയുള്ള നീക്കമല്ല കൃഷ്ണന്‍കുട്ടിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും എല്‍ഡിഎഫില്‍ ഭിന്നതയുണ്ടെന്ന് കാണിക്കാനാണോ ഇത്തരം പ്രസ്താവന നടത്തിയതെന്നും പിണറായി ചോദിച്ചു.
താനടക്കമുള്ളവരോട് ഇക്കാര്യം ആലോചിച്ചില്ലെന്നും എല്‍ഡിഎഫിലെ നേതാക്കള്‍ മുമ്പും പരസ്യപ്രസ്താവന നടത്തിയിട്ടുണ്ടെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
നെയ്യാര്‍ ജലം തമിഴ്നാട്ടിന് നല്‍കുന്നതിനെ കുറിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. അതേ കുറിച്ച് കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും വിശദമായി ചര്‍ച്ച ചെയ്തിരുന്നില്ലെന്നാണ് താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതെന്ന് കൃഷ്ണന്‍കുട്ടി യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വിശ്വന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications