ആന്റണിക്ക് സമ്മര്‍ദങ്ങളെ നേരിടാന്‍ കഴിയുമോ?
തിരുവനന്തപുരം: പ്രതിരോധമന്ത്രിയെന്ന നിലയില്‍ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ എ.കെ.ആന്റണിക്ക് കഴിയുമോ? നിയമസഭാ ക്യാന്റീനിലെ ചര്‍ച്ചകള്‍ക്കിടയില്‍ എംഎല്‍എമാര്‍ ഈ ചോദ്യത്തിന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്.
വി.കെ.കൃഷ്ണമേനോനു ശേഷം പ്രതിരോധമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യത്തെ മലയാളിയായ എ.കെ.ആന്റണിയ്ക്ക് അതിപ്രധാനമായ വകുപ്പിന്റെ ചുമതല ലഭിക്കാന്‍ സഹായിച്ചത് അദ്ദേഹത്തിന്റെ ക്ലീന്‍ ഇമേജ് തന്നെ. എന്നാല്‍ സംശുദ്ധമായ പ്രതിഛായയുള്ളതു കൊണ്ടുമാത്രം ഒരാള്‍ നല്ല ഭരണകര്‍ത്താവാകണമെന്നില്ലെന്ന് ചില എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി.
സംശുദ്ധമായ പ്രതിഛായ പ്രതിരോധ വകുപ്പ് വളരെ കര്‍ശനമായി കൈകാര്യം ചെയ്യാന്‍ ആന്റണിയെ സഹായിക്കുമെന്ന് നിയമസഭാംഗങ്ങള്‍ക്കിടയില്‍ മധുരപലഹാരം വിതരണം ചെയ്തുകൊണ്ടിരുന്നു ടി.എന്‍.പ്രതാപന്‍ എംഎല്‍എ പറഞ്ഞു.
അതേ സമയം കാര്യങ്ങളോട് വൈകാരികമായി പ്രതികരിക്കുന്നതാണ് ആന്റണിയുടെ പതിവെന്ന് മറ്റൊരു പ്രതിപക്ഷ എംഎല്‍എ ചൂണ്ടിക്കാട്ടി. 1977ലും 2004ലും മുഖ്യമന്ത്രി പദവും 1995ല്‍ കേന്ദ്ര ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിസ്ഥാനവും രാജിവച്ചയാളാണ് ആന്റണി. ഇപ്പോള്‍ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന പ്രതിരോധ വകുപ്പിലാകട്ടെ പ്രശ്നങ്ങളും കുംഭകോണങ്ങളും സാധാരണമാണ്. അതുകൊണ്ടു തന്നെ വളരെ ബുദ്ധിമുട്ടേറിയ ദൗത്യമായിരിക്കും ആന്റണിക്ക് നിര്‍വഹിക്കാനുണ്ടാവുക.
മുഖ്യമന്ത്രിയായിരിക്കെ രണ്ടാം മാറാട് കലാപത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് പറഞ്ഞ ആന്റണിയാണ് ഇപ്പോള്‍ പ്രതിരോധമന്ത്രിയായിരിക്കുന്നതെന്ന് മറ്റൊരു എംഎല്‍എ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയായപ്പോഴും കേന്ദ്രമന്ത്രിയായപ്പോഴും കാലാവധി പൂര്‍ത്തിയാക്കാതെ രാജിവയ്ക്കുകയാണ് ഇതുവരെ ആന്റണി ചെയ്തതെന്ന് എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ആന്റണി ആ പതിവ് തുടരുമോയെന്ന ചോദ്യത്തിന് പിന്നീട് മറുപടി ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications