ചോദ്യച്ചോര്‍ച്ച: ഗോപാലന്‍ വെള്ളിയാഴ്ചവരെ സിബിഐ കസ്റഡിയില്‍
കൊച്ചി: എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കേസുമായി ബന്ധപ്പെട്ട് സിബിഐയ്ക്കുമുമ്പാകെ കീഴടങ്ങിയ പൊതുവിദ്യാഭ്യാസ വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എം. ഗോപാലനെ വെള്ളിയാഴ്ചവരെ സിബിഐ കസ്റഡിയില്‍ വിട്ടു.
എറണാകുളത്തെ സിബിഐ പ്രത്യേക കോടതിയാണ് ഗോപാലനെ സിബിഐ കസ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്. ഇയാളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ചോദ്യപ്പേപ്പര്‍ അച്ചടിയ്ക്കാനുള്ള കരാര്‍ ചെന്നൈയിലെ വിശ്വനാഥന്‍ പ്രിന്റേഴ്സിന് നല്‍കിയതില്‍ കേസിലെ പത്താം പ്രതിയായ ഗോപാലന്‍ പ്രധാനപങ്കുവഹിച്ചിട്ടുണ്ടെന്നും ഇയാളെ വിശദമായി ചോദ്യം ചെയ്തെങ്കില്‍ മാത്രമേ കേസില്‍ പങ്കാളികളായിരിക്കുന്ന മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിക്കുകയുള്ളുവെന്ന സിബിഐ ഇന്‍സ്പെക്ടര്‍ പി.കെ ഐന്‍സ്റിന്‍ കോടതിയെ അറിയിച്ചു.
ഗോപാലനെ ചോദ്യം ചെയ്തു കഴിഞ്ഞതിനുശേഷം മാത്രമേ മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്തു സൂപ്പിയെ ചോദ്യം ചെയ്യുകയുള്ളുവെന്ന് സിബിഐ അറിയിച്ചു.
അന്വേഷണത്തിന്റെഭാഗമായി ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ മുമ്പേതന്നെ സൂപ്പിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ചോദ്യപ്പേപ്പര്‍ അച്ചടിയുമായി ബന്ധപ്പെട്ടു നടന്ന ക്രമക്കേടിലും കരാര്‍ നല്‍കിയതിലുമൊന്നും തനിയ്ക്കു പങ്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സൂപ്പി പത്രക്കുറിപ്പും ഇറക്കിയിരുന്നു.
സുപ്പി മന്ത്രിസ്ഥാനത്തുണ്ടായിരുന്നപ്പോഴാണ് ഗോപാലന്‍ പൊതു വിദ്യാഭ്യസവകുപ്പിന്റെ ചുമതല വഹിച്ചത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍മാരാണ് സാധാരണയായി ഈ പദവി വഹിക്കാറുള്ളത്. എന്നാല്‍ ഐഎഎസുകാരനല്ലാത്ത ഗോപാലന്‍ ഈ പദവിയിലിരുന്നത് ക്രമക്കേടിന് കാരണമായിട്ടുണ്ടോ എന്നുള്ളതും സിബിഐ അന്വേഷിക്കുന്നുണ്ട്.
ഇതേ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസിലെ സീനിയര്‍ ഫിനാന്‍സ് ഓഫീസറായിരുന്ന എ. അബ്ദുള്‍ ഷുക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച പരിഗണിക്കും.












Click it and Unblock the Notifications