കനവിലെ കുട്ടികള്‍ കൊച്ചു ഡോക്ടര്‍മാര്‍
സുല്‍ത്താന്‍ ബത്തേരി: വ്യത്യസ്തമായ പഠനരീതികൊണ്ടും പഠനേതര പ്രവര്‍ത്തനങ്ങള്‍കൊണ്ടും ശ്രദ്ധിയ്ക്കപ്പെട്ടവരാണ് കനവിലെ വിദ്യാര്‍ത്ഥികള്‍. ഇപ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു സാമൂഹിക സേവനം വഴിയാണ് ഇവര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
ഇവിടെ എംബിബിഎസ് ബിരുദം നേടിയവരോ നഴ്സിംഗ് കഴിഞ്ഞവരോ ഇല്ല. പക്ഷേ ഇവരിവിടെയൊരു മെഡിക്കല്‍ ക്യാംപ് നടത്തുന്നുണ്ട്. രോഗനിര്‍ണ്ണയിത്തിനായി പരിസരവാസികളായ ആദിവാസിജനത ഈ ക്യാംപിന് മുന്നില്‍ ക്യൂ നില്‍ക്കാറുമുണ്ട്.
കനവിലെ വിദ്യാര്‍ത്ഥികളായ അമ്മിണിയുടെയും, സന്തോഷിന്റെയും നേതൃത്വത്തിലാണ് ക്യാംപ് പ്രവര്‍ത്തിക്കുന്നത്. അമ്മിണിയാണ് ആളുകളില്‍ നിന്ന് രക്തം കുത്തിയെടുക്കുന്നത്. സന്തോഷാവട്ടെ അത് പരിശോധനകള്‍ക്ക് വിധേയമാക്കും.
ഇവരെ സംബന്ധിച്ച് ഇതൊട്ടും നിസ്സാരമായ ഒരുകാര്യമല്ല. മരണത്തിനുവരെ കാരണമായേയ്ക്കാവുന്ന സിക്കില്‍ സെല്‍ അനീമിയ ബാധ കണ്ടെത്തുകയാണ് ഈ ക്യാംപിന്റെ ഉദ്ദേശം.
രോഗബാധയുള്ളവര്‍ക്ക് രോഗത്തെപ്പറ്റിയുള്ള എല്ലാവിവരങ്ങളും ഇവര്‍ നല്‍കുകയും ചെയ്യുന്നുണ്ട്. പരിശോധന തുടങ്ങിയതു മുതല്‍ ഇതേവരെ പത്തു രോഗികളില്‍ സിക്കിള്‍ സെല്‍ അനീമിയ ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് സന്തോഷ് പറഞ്ഞു.
ഈ രോഗത്തെ വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടത്തെ ആദിവാസി മേഖയില്‍ നിന്ന് തുടച്ചു നീക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഇവര്‍ക്കു മുന്നിലുള്ളത്. മൂന്ന് വര്‍ഷം മുമ്പ് പതിനാലുവയസ്സുകാരനായ അയ്യപ്പന്‍ എന്ന സഹപാഠി മരിച്ചതോടെയാണ് കനവിലെ വിദ്യാര്‍ത്ഥികള്‍ ഈ രോഗത്തോട് യുദ്ധം പ്രഖ്യാപിച്ചത്.
2004ല്‍ കനവ് സന്ദര്‍ശിച്ച പോര്‍ബന്തര്‍കാരനായ ഡോക്ടര്‍ ആശിഷാണ് ഈ യുദ്ധത്തില്‍ ഇവര്‍ക്ക് പിന്തുണയേകിയത്.
കനവിലെ നാല് വിദ്യാര്‍ത്ഥികളെ അദ്ദേഹം നാട്ടില്‍ കൊണ്ടുപോവുകയും ആധുനിക സജ്ജീകരണങ്ങളുള്ള ലബോറട്ടറിയില്‍ രക്തം കുത്തിയെടുക്കുന്നതുമുതല്‍ രോഗനിര്‍ണ്ണയം നടത്തുന്നതുവരെയുള്ള കാര്യങ്ങളില്‍ പരിശീലനം നല്‍കുകയും ചെയ്തു. മാത്രമല്ല പഠനം കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ വിദ്യാര്‍ത്ഥിയായിരിക്കെ താനുപയോഗിച്ചിരുന്ന മൈക്രോസ്കോപ്പും ഇവര്‍ക്ക് സമ്മാനിച്ചു.
2005ലായിരുന്നു ഇവരുടെ പരിശീലനം. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ ചീങ്ങോട്ടാണ് കനവെന്ന വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ ഏറെയെത്താത്ത വിദൂരമായ ആദിവാസി മേഖയെസംബന്ധിച്ച് ഇവരുടെ പ്രവര്‍ത്തനം ഒട്ടും നിസ്സാരമല്ല.












Click it and Unblock the Notifications