ഭീഷണി സന്ദേശം അയച്ചയാളെപ്പറ്റി പൊലീസിന് സൂചന ലഭിച്ചു
കൊച്ചി: കേരളസന്ദര്‍ശനത്തിനിടയില്‍ തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ വധിയ്ക്കുമെന്ന് ഇ-മെയില്‍ സന്ദേശം അയച്ച വ്യക്തിയെക്കുറിച്ച് പൊലീസിന് സൂചനലഭിച്ചതായി വിവരം.
കൊച്ചിയിലെ പൂക്കാരന്‍ മുക്കിലെ ഇന്റര്‍നെറ്റ് കഫെയില്‍ നിന്ന് ഭീഷണി സന്ദേശമയച്ച ഇയാള്‍ കൊച്ചി സ്വദേശി തന്നെയാണെന്നാണ് സൂചന. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.15നും 3.30നും ഇടയിലാണ് ഇയാള്‍ നാല്പതോളം ഉന്നതോദ്യോഗസ്ഥര്‍ക്ക് സന്ദേശം അയച്ചത്.
ദീര്‍ഘനേരം ഇന്റര്‍നെറ്റ് ഉപയോഗിച്ച ഇയാള്‍ കംപ്യൂട്ടര്‍ വിദഗ്ധന്‍ കൂടിയാണെന്ന് പൊലീസ് പറഞ്ഞു. വ്യാകാരണത്തെറ്റുകളില്ലാതെ നല്ല ഇംഗ്ലീഷിലാണ് സന്ദേശം ടൈപ്പ് ചെയ്തിരിയ്ക്കുന്നത്. കഫെയില്‍ എത്തിയതിനുശേഷമാണ് ഇത് ടൈപ്പ് ചെയ്തത്.
അന്വേഷണത്തെ വഴിതെറ്റിയ്ക്കാനായി ഇ-മെയില്‍ അയച്ച കംപ്യൂട്ടറിന്റെ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഡ്രസ്സില്‍ കൃത്രിമം കാണിക്കാനും ഇയാള്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച തന്നെയാണ് ഇമെയില്‍ സേവനം ലഭ്യമാക്കുന്ന ഹോട്ട്മെയിലില്‍ ഇയാള്‍ സിമികോട്ടയം എന്നപേരില്‍ ഇ-മെയില്‍ വിലാസം ഉണ്ടാക്കിയത്. ഒറ്റത്തവണ മാത്രമാണ് ഈ വിലാസം ഉപയോഗിച്ചിരിക്കുന്നതെന്നും സന്ദേശം അയച്ച ഉടന്‍തന്നെ ഇയാള്‍ കഫെയില്‍ നിന്നും പുറത്തുപോയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്.
നാല്‍പ്പതുപേര്‍ക്കയച്ച സന്ദേശത്തിലെ ആദ്യത്തെ വിലാസം കൊച്ചി സിറ്റി പൊലീസ് കമ്മഷണറുടെതാണ്. ആകെ നാലു കമ്പ്യൂട്ടറുകാളാണ് കഫെയില്‍ ഉള്ളത്. സാധാരണ പോലെ ഇവിടെയും ഉപഭോക്താക്കളുടെ പേരുവിവരങ്ങള്‍ സൂക്ഷിക്കാറില്ല. ഇത് അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
കഫെ ഉടമസ്ഥന്റെയും ജീവനക്കാരുടെയും മൊഴികളില്‍ നിന്നും ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇതുമായിബന്ധപ്പെട്ട് പൊലീസ് നാലുപെരെ കസ്റഡിയിലെടുത്തിട്ടുണ്ട്. ഇന്റര്‍നെറ്റ് കഫെ ഉടമ മൊയ്തീന്‍, ഭാര്യ തമ്മനം സ്വദേശി ഷാനിബ, രണ്ട് ജീവനക്കാര്‍ എന്നിവരാണ് പൊലീസ് കസ്റഡിയിലുള്ളത്.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ക്കഴിയുന്ന അഫ്സല്‍ ഗുരു, കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട് തടവില്‍ക്കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി എന്നിവരുടെ പേരുകള്‍ സന്ദേശിത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രധാനമന്ത്രിയെക്കൂടാതെ രാഷ്ട്രപതിക്കുനേരെയും സന്ദേശിത്തില്‍ വധഭീഷണിയുണ്ട്. അടുത്തവര്‍ഷം രാഷ്ട്രപതി 76ാം ജന്മദിനം ആഘോഷിക്കുന്നതിന് മുമ്പുതന്നെ അദ്ദേഹത്തെ വധിയ്ക്കുമെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ ഇവരെയൊക്കെ രക്ഷിച്ചോളൂ എന്ന വെല്ലുവിളിയും സന്ദേശത്തിലുണ്ട്.
പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശനത്തില്‍ മാറ്റമില്ലെന്ന് കേന്ദ്രത്തില്‍നിന്ന് അറിയിപ്പി വന്നതോടെ സംസ്ഥനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിമാക്കിയിട്ടുണ്ട്. അടുത്തിടെ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കാലാം കേരളം സന്ദര്‍ശിച്ചപ്പോഴുണ്ടായ തപാല്‍ ബോംബ് സ്ഫോടനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു.












Click it and Unblock the Notifications