പ്രമോദ് മഹാജന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നു
മുംബൈ: അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകള്‍ പൂനം മഹാജന്‍ ബിജെപിയില്‍ ചേര്‍ന്നു.
മഹാജന്റെ ജന്മദിനമായ ഒക്ടോബര്‍ 30 തിങ്കളാഴ്ചയാണ് പുനം ബിജെപിയുടെ പ്രാഥമിക അംഗത്വം നേടിയത്.
ഞാന്‍ ഒരു സാധാരണ അംഗമായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്. പിതാവിന്റെ മോഹങ്ങള്‍ സാക്ഷാത്കരിക്കുകയാണ് എന്റെ ലക്ഷ്യം- പൂനം വാര്‍ത്താലേഖകരോട് പറഞ്ഞു.
മുംബൈയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പൂനം പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. അമ്മാവനായ ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ, സഹോദരന്‍ രാഹുല്‍ മഹാജന്‍ എന്നിവര്‍ക്കൊപ്പമാണ് പൂനം പാര്‍ട്ടി ആസ്ഥാനത്തെത്തിയത്.
സഹോദരി ബിജെപിയിലൂടെ രാഷ്ട്രീയ രംഗത്തേയ്ക്ക് കടന്നുവന്നതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. രാഹുലിന്റെ പാര്‍ട്ടിപ്രവേശം എന്നുണ്ടാകുമെന്ന ചോദ്യത്തിന് പാര്‍ട്ടി അംഗത്വമെടുക്കുക എന്നതില്‍ മാത്രം കാര്യമില്ലെന്നും പാര്‍ട്ടിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയെന്നതാണ് പ്രധാനമെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് സഹോദരന്‍ പ്രവീണ്‍ മഹാജന്റെ വെടിയേറ്റ് പ്രമോദ് മഹാജന്‍ മരിച്ചതില്‍പ്പിന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മകന്‍ രാഹുല്‍ പാര്‍ട്ടിയിലേയ്ക്ക് വരുമെന്ന് ഒട്ടേറെ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ദില്ലിയിലുണ്ടായ ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ കേസ് വന്നതോടെ ഈ സാധ്യതകള്‍ ഇല്ലാതാവുകയായിരുന്നു. പാര്‍ട്ടിയ്ക്കുവേണ്ടി നിരന്തരമായി പ്രവര്‍ത്തിക്കുകയും പുരോഗമനാശയങ്ങള്‍ കൊണ്ടുവരുകയുംചെയ്ത പ്രമുഖനായ നേതാവിന്റെ മരണശേഷം പാര്‍ട്ടി അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ട പരിഗണനകള്‍ നല്‍കിയില്ലെന്ന് പരക്കേ ആക്ഷേപമുണ്ടായിരുന്നു.












Click it and Unblock the Notifications