ഏഷ്യാനെറ്റ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: പ്രമുഖ മലയാളി വ്യവസായിയും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖര്‍ മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ഉപഗ്രഹ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്ത്.
ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതോടുകൂടിയാണ് രാജീവ് ഏഷ്യാനെറ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തെത്തുന്നത്. 100 കോടി രൂപമുടക്കിയാണ് ഇദ്ദേഹം ഏഷ്യാനെറ്റിന്റെ ഓഹരികള്‍ വാങ്ങിയതെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ബിപിഎല്‍ മൊബൈലിന്റെ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന രാജീവ് ഇയിടെ തന്റെ ബിപിഎല്‍ ഓഹരികള്‍ വിറ്റത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റര്‍ എന്റര്‍ടെയ്ന്‍മെന്റ് വെഞ്ച്വഴ്സ് അടുത്തിടെ ഒരു എഫ്.എം. റേഡിയോ സ്റേഷനും ആരംഭിച്ചിട്ടുണ്ട്.
ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് രാജീവ് വരുന്നതോടെ ഇപ്പോഴത്തെ മാനേജിങ് ഡയറക്ടറായ കെ.മാധവന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം കൂടി കൈകാര്യം ചെയ്യുമെന്ന് ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.
പതിമൂന്ന് വര്‍ഷമുമ്പ് സംപ്രേഷണം ആരംഭിച്ച ഏഷ്യാനെറ്റ് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ചാനല്‍ തുടങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ട്. കന്നടയിലും തമിഴിലുമായിരിക്കും അടുത്ത ചാനലുകള്‍.
2007ആദ്യം തന്നെ കന്നട ചാനലിന്റെ സംപ്രേഷണം ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങല്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡ് തലത്തിലുള്ള ക്രമീകരണങ്ങളോടെയാണ് തുടങ്ങുന്നതെന്നും നിലവിലുള്ള മാനേജ്മെന്റ് ടീം തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications