സമരം ജനങ്ങളോടുള്ള വെല്ലുവിളി: മാത്യു ടി തോമസ്
കൊച്ചി: സുപ്രിം കോടതി വിധിയ്ക്കെതിരെ ഓഡിനന്‍സ് ഇറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടും സമരവുമായി മുന്നോട്ടുപോകുന്ന സ്വകാര്യ ബസ്, ലോറി ഉടമകളുടെ തീരുമാനം സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഗതാഗത മന്ത്രി മാത്യു ടി തോമസ്.
ഓഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമനം പിന്‍വലിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുത്. സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കുന്ന കാര്യം നടപ്പാക്കിയില്ലെങ്കിലും വേഗത നിയന്ത്രിക്കാനുള്ള സംവിധാനം കര്‍ശനമായി നടപ്പില്‍വരുത്തും. വാഹനങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാന്‍ കഴിയില്ല-മന്ത്രി പറഞ്ഞു.
സമരം നേരിടാന്‍ ഗതാഗതവകുപ്പ് ഒരുങ്ങിക്കഴിഞ്ഞു. കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ നിരത്തിലിറക്കും. ആവശ്യമായിവന്നാല്‍ താല്‍ക്കാലിക പെര്‍മിറ്റ് നല്‍കും-അദ്ദേഹം വ്യക്തമാക്കി.
ഇതിനിടയില്‍ ഞായറാഴ്ച അര്‍ദ്ധരാത്രി തുടങ്ങിയ സമരം സംസ്ഥാനത്തിന്റെ ഒട്ടുമിക്കഭാഗങ്ങളിലും പൂര്‍ണമാണെന്ന് റിപ്പോര്‍ട്ടുണ്ട്. മിക്കയിടത്തും യാത്രാ സൗകര്യമില്ലാതെ ജനങ്ങള്‍ വലയുകയാണ്.
കെഎസ്ആര്‍ടി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസ്സുകള്‍ മാത്രം സര്‍വ്വീസ് നടത്തിവരുന്ന റൂട്ടുകളില്‍ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ വലയുകയാണ്. ലോറികള്‍ പണിമുടക്കിയതോടെ ചരക്കുഗതാഗതത്തിനും കാര്യമായ തടസ്സം നേരിട്ടിട്ടുണ്ട്.












Click it and Unblock the Notifications