ഐടി മേഖലയില്‍ തൊഴില്‍ നിയമം കൊണ്ടുവരണം: പാന്ഥേ
തിരുവനന്തപുരം: ഐടി മേഖലയില്‍ ജോലിചെയ്യുന്നവരുടെ സംരക്ഷണത്തിനായി തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കണമെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എം.കെ. പാന്ഥെ അഭിപ്രായപ്പെട്ടു.
പത്തോ പന്ത്രണ്ടോ മണിക്കൂറുകള്‍ ഒരേ ഇരുപ്പില്‍ ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്ന ഒരു അവസ്ഥയാണ് പല ഐടി കമ്പനികളിലുമുള്ളത്. അതുകൊണ്ടു തന്നെ ഈ മേഖലയില്‍ ജോലിചെയ്യുന്ന മിക്ക ആളുകളിലും ശാരീരക പ്രശ്നങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
മറ്റെല്ലാ മേഖലകളിലും മൂന്ന് ഷിഫ്റ്റുകളിലായി തൊഴിലാളികള്‍ ജോലിചെയ്യുമ്പോള്‍ ഐടി കമ്പനികളില്‍ മാത്രം 12മണിക്കൂര്‍ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായി ജോലിചെയ്യേണ്ട സാഹചര്യമാണുള്ളത്.
അതുകൊണ്ടു തന്നെ ഈ മേഖലയില്‍ തൊഴില്‍ നിയമം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇതില്‍ ജോലിചെയ്യുന്നവര്‍ പോലും ഇക്കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. ഐടി മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്ക് സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശമുണ്ട്- പാന്ഥേ ചൂണ്ടിക്കാട്ടി.
ഇടതു പിന്തുണയോടെ കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ പൊതുമിനിമം പരിപാടിയിലെ പല വ്യവസ്ഥകളും ലംഘിക്കുകയാണ്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഡിസംബര്‍ 14 ന് വിവിധ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരം ചരിത്രത്തില്‍ ഇടം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാന്ഥെ.












Click it and Unblock the Notifications