പി.സി.തോമസിന്റെ ലോക്സഭാംഗത്വം റദ്ദാക്കി
കൊച്ചി: മൂവാറ്റുപുഴ എംപി പി.സി തോമസിന്റെ പാര്‍ലമെന്റ് അംഗത്വം ഹൈക്കോടതി റദ്ദാക്കി.
എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എല്‍ഡിഎഫിലെ പി.എം.ഇസ്മായിലിനെ വിജയിയായി പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പി.സി തോമസ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഇസ്മായൂല്‍ സമര്‍പ്പിച്ച പരാതിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.
പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായി വിധിപുറപ്പെടുവിച്ചുകൊണ്ട് കോടതി അറിയിച്ചു. മതവികാരത്തെ മുതലെടുത്തുകൊണ്ട് പി.സി തോമസ് പ്രചാരണം നടത്തി, വാഹനങ്ങളില്‍ വോട്ടര്‍മാരെ ബൂത്തുകളിലെത്തിച്ച എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇസ്മായിലിന്റെ പരാതി.
വിധി പ്രാബല്യത്തില്‍ വരാന്‍ ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ ഇടവേളയില്‍ പി.സി. തോമസിന് സുപ്രിം കോടതിയെ സമീപിക്കാം.
വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് തോമസ് പറഞ്ഞു. തിരഞ്ഞെടുപ്പിനു ശേഷമുള്ള മുന്നണി മാറ്റം അപ്പീല്‍ നല്‍കുന്നതിനെ ബാധിക്കില്ലെന്നും തോമസ് വ്യക്തമാക്കി.
529 വോട്ടിനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.സി.തോമസ് മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്നും ജയിച്ചത്. പിന്നീട് മുന്നണി മാറി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഇടതുമുന്നണിക്കൊപ്പമായി.












Click it and Unblock the Notifications