ടിവി പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്
കൊച്ചി: സംസ്ഥാനത്ത് ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ടെലിവിഷന്‍ ചേംബര്‍ ഓഫ് കേരള ഭാരവാഹികള്‍ അറിയിച്ചു.
ടെലിവിഷന്‍ സീരിയല്‍ രംഗവുമായി ബന്ധപ്പെട്ട് നടക്കുന്ന ചൂഷണങ്ങളും സാമൂഹ്യ വിരുദ്ധ നടപടികളും ചെറുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ചേംബര്‍ പ്രസിഡന്റ് കെ.വി ഷാജി അറിയിച്ചു.
ലൈംഗിക പീഡനത്തെത്തുടര്‍ന്ന് അടിമാലിയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട കേസിലും സീരിയല്‍ രംഗത്തുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് ചേംബര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ടിവി സീരിയല്‍ നിര്‍മാതാവെന്ന വ്യാജേന പെണ്‍കുട്ടിയെ കണ്ട കേസിലെ മുഖ്യപ്രതിക്ക് ടിവി രംഗവുമായി ഒരു ബന്ധവുമില്ലെന്ന് ഷാജി പറഞ്ഞു.
ഈ രംഗവുമായി ബന്ധമില്ലാത്തവര്‍ പോലും സീരിയലുകളുടെയും മറ്റും പേരില്‍ സ്ത്രീകള്‍ക്കെതിരെ പരക്കേ ചൂഷണങ്ങള്‍ നടത്തുന്നുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നതോടെ ഇത്തരം ഒരു സാഹചര്യം ഏറെക്കുറെ ഇല്ലാതാക്കാന്‍ കഴിയും.
ഇതുകൂടാതെ ഡിസംബര്‍ ഒന്നുമുതല്‍ ടെലിഫിലിം, ആല്‍ബങ്ങല്‍, സീരിയലുകള്‍ തുടങ്ങി ഏതുതരം ടെലിവിഷന്‍ പരിപാടിയുടെയും ചിത്രീകരണം നടത്തുന്നുണ്ടെങ്കില്‍ അത് ചേംബറിന്റെ അനുമതിയോടുകൂടിയായിരിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.
ചിത്രീകരണം നടക്കുന്ന സ്ഥലങ്ങളിലെത്തി ചേംബറില്‍ അംഗത്വം നേടിയവര്‍ തന്നെയാണോ അവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയുന്നതിനായി ഒരു സ്ക്വാഡ് പ്രവര്‍ത്തിക്കുമെന്നും ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications