മന്‍മോഹന്‍ സിംഗ് ചൊവ്വാഴ്ച കേരളത്തിലെത്തും
തിരുവനന്തപുരം: നവംബര്‍ ഒന്നിന് നടക്കുന്ന കേരളപ്പിറവി സുവര്‍ണജൂബിലി പരിപാടികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ചൊവ്വാഴ്ച രാത്രി സംസ്ഥാനത്തെത്തും.
നവംബര്‍ ഒന്നിന് രാവിലെ പത്തുമണിയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലിന് അദ്ദേഹം തറക്കല്ലിടും. അതിനുശേഷം പതിനൊന്ന് മണിയ്ക്ക് കെപിസിസി ഓഫീസില്‍ നടക്കുന്ന കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
കേരളപ്പിറവി ആഘോഷങ്ങളുടെ ഉദ്ഘാടനം വൈകീട്ട് 4.30ന് ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തിലാണ് നടക്കുക. ഇതില്‍ പ്രധാനമന്ത്രിയെക്കൂടാതെ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, എ.കെ ആന്റണി എന്നിവരും പങ്കെടുക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സംസ്ഥാനത്തെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കേരളസന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിയെ തിരുവനന്തപുരത്തുവെച്ച് വധിയ്ക്കുമെന്ന് ഭീഷണിസേന്ദശം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ക്കൊന്നും ഇടനല്‍കാത്തവിധം പൊലീസ് തികഞ്ഞ ജാഗ്രതയിലാണ്.
ഇതിനുമുമ്പ് രാഷ്ട്രപതിയുടെ സന്ദര്‍ശനസമയത്തുണ്ടായ തപാല്‍ ബോംബ് സ്ഫോടനങ്ങളും അതിനെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും കണക്കിലെടുത്താണ് സുരക്ഷാ പാളിച്ചകളുണ്ടാകാതിരിക്കാന്‍ പൊലീസ് കനത്ത ജാഗ്രത പാലിക്കുന്നത്.
ഇ-മെയില്‍ ഭീഷണിയുണ്ടായെങ്കിലും ഇതിന്റെ പഞ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ പരിപാടികളിലൊന്നും വലിയ മാറ്റം വരുത്തിയിരുന്നില്ല. കൊല്ലം ചവറയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും ഹെലികോപ്റ്ററില്‍ സഞ്ചരിക്കാനുള്ള അസൗകര്യം കാരണ ആ പരിപാടി റദ്ദുചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.
കേരളപ്പിറവി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തശേഷം പ്രധാനമന്ത്രി ബുധനാഴ്ച വൈകീട്ടുതന്നെ ദില്ലിയ്ക്ക് തിരിച്ചുപോകും.












Click it and Unblock the Notifications