മന്ത്രി ബേബി ക്ഷേത്രത്തില്‍ കയറി; പുണ്യാഹം തളിച്ചു
ഗുരുവായൂര്‍: അരിയന്നൂരിലെ ഹരികന്യക ക്ഷേത്രത്തില്‍ സാംസ്കാരികമന്ത്രി ബേബി പ്രവേശിച്ചത് വിവാദമാകുന്നു. ബേബിയുടെ ക്ഷേത്രപ്രവേശനത്തെ തുടര്‍ന്ന് തന്ത്രിയുടെ നിര്‍ദേശ പ്രകാരം ക്ഷേത്രത്തില്‍ പരിഹാരക്രിയയായി പുണ്യാഹം തളിച്ചു.
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട കോവിലനെ തിങ്കളാഴ്ച സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ക്ഷേത്രം അധികൃതരുടെ ക്ഷണം സ്വീകരിച്ച് മന്ത്രി ക്ഷേത്രത്തില്‍ കയറിയത്. ക്ഷേത്രത്തിനു മുന്നിലാണ് കോവിലന്റെ വീട്.
ഇതേ തുടര്‍ന്ന് ക്ഷേത്രപരിസരത്ത് ഒരു അഹിന്ദു പ്രവേശിച്ചതിന് പരിഹാരക്രിയയായി പുണ്യാഹം നടത്താന്‍ തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി നിര്‍ദേശിക്കുകയായിരുന്നു. തന്ത്രിയുടെ നിര്‍ദേശ പ്രകാരം ക്ഷേത്രം അധികൃതര്‍ പുണ്യാഹം നടത്തി.
ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ മടിച്ച മന്ത്രിയെ ക്ഷേത്രം ഭാരവാഹികളാണ് അകത്തേക്ക് ക്ഷണിച്ചത്. വൈകീട്ട് തന്ത്രിയുടെ നിര്‍ദേശ പ്രകാരം അത്ഭുത ശാന്തി പുണ്യാഹം നടത്തുകയും ചെയ്തു.
അതേ സമയം സദുദ്ദേശ്യത്തോടാണ് മന്ത്രിയെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചതെന്ന് ക്ഷേത്രം സെക്രട്ടറി നാരായണ പൊതുവാളും പ്രസിഡന്റ് ബാലകൃഷ്ണനും പറഞ്ഞു. എന്നാല്‍ തന്ത്രി പുണ്യാഹം നടത്താന്‍ നിര്‍ദേശിച്ചപ്പോള്‍ ക്ഷേത്രം അധികൃതര്‍ അത് നടപ്പാക്കി.
സാധാരണ പുണ്യാഹത്തിന് പകരം അത്ഭുത ശാന്തി പുണ്യാഹമാണ് നടത്തിയത്. കഴകം ജീവനക്കാരനായ നാരായണന് ക്ഷേത്രത്തില്‍ വച്ച് മുറിവേല്‍ക്കുകയും നാലമ്പലത്തില്‍ രക്തം വീഴുകയും ചെയ്തതിനാലാണ് അത്ഭുത ശാന്തി പുണ്യാഹം നടത്തിയത്.












Click it and Unblock the Notifications