വാഹന സമരം തുടരുന്നു; ജനം ദുരിതത്തില്‍
കൊച്ചി: വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന സുപ്രിം കോടതി നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ബസ്, ലോറി ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേയ്ക്ക് കടന്നു.
സമരം ജനജീവിതത്തെ സാരമായി ബാധിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ഉടമസ്ഥതിയിലുള്ള 20 ലോറികള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. അവശ്യവസ്തു നിയമപ്രകാരമാണ് സര്‍ക്കാര്‍ നടപടി.
സര്‍വ്വീസ് നടത്താന്‍ താല്പര്യമുള്ള വാഹന ഉടമകള്‍ക്ക് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
അതിര്‍ത്തി ചെക്ക് പോസ്റുകളില്‍ കാത്തുകിടക്കുന്ന വാഹനങ്ങളെ പൊലീസ് അകമ്പടിയോടെ അതത് സ്ഥലത്തെത്തിക്കാന്‍ കളക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി അടിയന്തര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാഹന ഉടമകള്‍ സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതിന്റെ പഞ്ചാത്തലത്തില്‍ ബുധനാഴ്ച രാത്രി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, ഭക്ഷ്യമന്ത്രി സി.ദിവാകരന്‍, ഗതാഗതമന്ത്രി മാത്യു ടി തോമസ് ചീഫ് സെക്രട്ടറി ലിസി ജേക്കബ് എന്നിവരുടെ യോഗമാണ് സമരത്തെ നേരിടാന്‍ തീരുമാനിച്ചത്.
മലബാറിലെ രൂക്ഷമായ യാത്രാ ക്ലേശം പരിഹരിക്കാനായി വ്യാഴാഴ്ച നൂറ് കെഎസ്ആര്‍ടിസി ബസുകള്‍കൂടി അയയ്ക്കും. കെഎസ് ആര്‍ടിസിയ്ക്ക് ആവശ്യമായ ഇന്ധനം പൊലീസ് സംരക്ഷണത്തില്‍ എത്തിയ്ക്കും.
സമരപ്രതിസന്ധി നേരിടാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സമാന്തര സര്‍വ്വീസുകള്‍ നടത്തുന്ന വാഹനങ്ങള്‍കൂടി പണിമുടക്കിയതോടെയാണ് യാത്രാക്ലേശം തീര്‍ത്തും രൂക്ഷമായത്. കെഎസ്ആര്‍ടിസിയുടെ സമാന്തരസര്‍വ്വീസുകളും വേണ്ടത്രയില്ല.
പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വാഹനഉടമകളുമായി വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടത്തും. ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച നടക്കുക.












Click it and Unblock the Notifications