കോണ്‍ഗ്രസുകാര്‍ ഇന്ദിരാവിരുദ്ധര്‍: മുരളി
കോഴിക്കോട്: ഇന്ദിരാഗാന്ധിയെ തള്ളിപ്പറഞ്ഞവരാണ് കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് നേതാക്കളായി നടക്കുന്നതെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ ആരോപിച്ചു.
ഷാ കമ്മിഷന്റെ പേരില്‍ ഇന്ദിരയ്ക്കൊപ്പം കോടതി കയറിയ പ്രണബ് മുഖര്‍ജിയെ മാറ്റിയാണ് പ്രതിരോധ വകുപ്പ് എ.കെ ആന്റണിയെ ഏല്‍പ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ മാറാട് കലാപത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കാണാന്‍ കൂട്ടാക്കാത്തയാളാണ് ഇപ്പോള്‍ കേന്ദ്ര പ്രതിരോധമന്ത്രിയായിരിക്കുന്നത്. ഇന്ദിരാഗാന്ധിയെ ഭാരതയക്ഷിയെന്ന് വിളിച്ചവരും ചിക്കമംഗ്ലൂരില്‍ തിരഞ്ഞെടുപ്പുനടക്കുമ്പോള്‍ അവരെ എതിര്‍ത്തവരുമാണ് ഇന്ന് കേന്ദ്രമന്ത്രിമാരായിരിക്കുന്നത്- മുരളി കുറ്റപ്പെടുത്തി.
മാറാട് കലാപം കൈകാര്യം ചെയ്ത രീതി ശരിയല്ലെന്ന് പറഞ്ഞതിനാണ് തന്നെ പാര്‍ട്ടി വിരുദ്ധനെന്ന് മുദ്രകുത്തിയത്. നവംബര്‍12ന് നടക്കുന്ന ഡിഐസി-എന്‍സിപി ലയനത്തോടെ കോണ്‍ഗ്രസ് സംസ്കാരമുള്ളവരുടെ പുതിയ ഒരു കൂട്ടായ്മയാണ് രൂപപ്പെടാന്‍ പോകുന്നത്.
സുരക്ഷയുടെ പേരില്‍ കെ.കരുണാകരനെ കേരളപ്പിറവി സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയവര്‍ക്ക് പ്രധാനമന്ത്രിയെ നേരായ വഴിയ്ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. പൊലീസിന്റെ തലപ്പത്ത് ഇപ്പോഴുള്ളയാള്‍ എല്ലാ ആഭ്യന്തരമന്ത്രിമാരെയും കുഴപ്പത്തിലാക്കിയ ആളാണ്.
കഴിഞ്ഞ തവണ പ്രധാനമന്ത്രിവന്നപ്പോള്‍ വേദിയിലുണ്ടായിരുന്നിട്ടും കരുണാകരന്റെ പേരു പറയാന്‍ അന്നത്തെ മുഖ്യമന്ത്രിയ്ക്കു മടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വി.എസ് ഈ പ്രശ്നത്തിനെതിരെ പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നും മുരളി പറഞ്ഞു. കോഴിക്കോട് കെഎസ്യു(ഇന്ദിര)ജില്ലാ നേതൃത്വ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.












Click it and Unblock the Notifications