എസ്എഫ്ഐ ആക്രമണം: പ്രിന്‍സിപ്പലിന് പരിക്ക്
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ ഒന്‍പത് ജീവനക്കാര്‍ക്ക് പരുക്കേറ്റു.
പുറത്തുനിന്നെത്തിയ പ്രവര്‍ത്തകരാണ് കാമ്പസില്‍ കയറി ആക്രമണം നടത്തിയത്. തലയ്ക്കു സാരമായി പരുക്കേറ്റ പ്രിന്‍സിപ്പല്‍ പി.വിജയനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് ബുധനാഴ്ച യൂണിഫോമിടാതെ പകരം മുണ്ടുടുത്തു വന്ന വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പുറത്താക്കിയിരുന്നു. ഇതാണ് പ്രകോപനത്തിനിടയാക്കിയതെന്നാണ് കരുതുന്നത്.
അക്രമ വാര്‍ത്തയറിഞ്ഞ് ഓട്ടോയില്‍ സ്ഥലത്തെത്തിയ പൊലീസ് കോണ്‍സ്റബിളിനെ അക്രമി സംഘം വിരട്ടിയോടിച്ചു. പിന്നീട് കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് വിദ്യാര്‍ത്ഥികളെ ലാത്തിവീശി ഓടിച്ചത്.
അക്രമവുമായി ബന്ധപ്പെട്ട് 13പേരെ പൊലീസ് അറസ്റു ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ പതാകയേന്തി മുദ്രാവാക്യം വിളിച്ചെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നേരെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ കടക്കുകയായിരുന്നു. ഈ സമയം പ്രിന്‍സിപ്പല്‍ പുറത്തായിരുന്നു. അദ്ദേഹം മുറിയിലില്ലെന്ന് കണ്ട സംഘം ഓഫീസ് മുറിയിലേയ്ക്കു പാഞ്ഞുകയറി ഫയലുകള്‍ നശിപ്പിക്കുകയും സൂപ്രണ്ട് ശശികുമാറിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
ഇതിനിടെ വിദ്യാര്‍ത്ഥികള്‍ രണ്ട് ചേരിയായി തിരിഞ്ഞത് ദീര്‍ഘ നേരം സംഘര്‍ഷത്തിനിടയാക്കി. പ്രിന്‍സിപ്പല്‍ അക്രമികളോട് പുറത്തുപോകാനാവശ്യപ്പെട്ടപ്പോള്‍ കൊടികെട്ടിയ കമ്പുകൊണ്ട് അദ്ദേഹത്തിന്റെ തലയ്ക്കടിയ്ക്കുകയായിരുന്നു. രക്തം വാര്‍ന്നൊഴുകിയ അദ്ദേഹത്തെ പുറത്തെത്തിക്കുന്നതിനിടെയാണ് മറ്റുള്ളവര്‍ക്ക് പരുക്കേറ്റത്.












Click it and Unblock the Notifications