സ്പോര്‍ട്സ് ലോട്ടറിയുടെ പ്രചാരണത്തിന് പെലെ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്പോര്‍ട്സ് ലോട്ടറിയുടെ പ്രചാരണത്തിന് ഫുട്ബോള്‍ ഇതിഹാസം പെലെയെത്തും.
നവംബര്‍ 14നാണ് ലോട്ടറി തുടങ്ങുന്നത്. ജനവരി 26ന് നറുക്കെടുക്കും. രണ്ട് കോടി രൂപയാണ് സമ്മാനത്തുക.
പെലെയെ ഇതിനായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്പോര്‍ട്സ് മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു. നവംബര്‍ 14 വരെ അദ്ദേഹം പല വിധ തിരക്കുകളിലാണ്. അതിനു ശേഷം ലോട്ടറിയുടെ പ്രതാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍മാരായ സുനില്‍ ഗവാസ്കറും കപില്‍ദേവും ടെന്നിസ് താരം സാനിയ മിര്‍സയും അത്ലറ്റ് മില്‍ക്കാസിംഗും ലോട്ടറിയുടെ പ്രചാരണത്തിനെത്തും. ഇവരുടെ കേരള സന്ദര്‍ശനത്തിന്റെ തീയതികള്‍ തീരുമാനിച്ചിട്ടില്ല.
സമ്മാനത്തുക കഴിച്ചുള്ള തുക സ്പോര്‍ട്സ് ഫണ്ടിലേക്കായിരിക്കും പോകുന്നത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെയും ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബുകളെയും ലോട്ടറി വില്പന ഏല്പിക്കും.
ക്രിക്കറ്റിലെ പഴയ താരങ്ങളെയും പുതിയ താരങ്ങളെയും ഉള്‍പ്പെടുത്തി ഒരു മത്സരം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കളി കാണുന്നതിനുള്ള എന്‍ട്രി പാസായി ലോട്ടറി ടിക്കറ്റുകള്‍ വില്പന നടത്തുമെന്നും വിജയകുമാര്‍ പറഞ്ഞു.
രണ്ടു ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ അച്ചടിക്കുന്നത്. ഒരു ടിക്കറ്റിന് 100 രൂപയാണ് വില. ആവശ്യമെങ്കില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കും.












Click it and Unblock the Notifications