തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനം തുടരും: ആര്യാടന്‍ മുഹമ്മദ്
മലപ്പുറം: ആരൊക്കെ എതിര്‍ത്താലും തീവ്രവാദത്തിന് എതിരായ പ്രചാരണം തുടരുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
ഇക്കാര്യത്തില്‍ തനിക്കെതിരെ പ്രസ്താവന ഇറക്കുന്നവര്‍ അത്തരം സംഘടനകളെ സഹായിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിന്റേത് തീവ്രവാദത്തിനെതിരായ നിലപാടാണ്. ഇക്കാര്യത്തില്‍ മുസ്ലീംലീഗിനെയല്ല താനെതിര്‍ക്കുന്നത്. മറ്റ് സംഘടനകളെല്ലാം കൂടിചേര്‍ന്ന് ബോധപൂര്‍വം തന്റെ പ്രസ്താവന മുസ്ലീംലീഗിന് എതിരെയുള്ളതാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു.
ജമാഅത്തെ ഇസ്ലാമി , പിഡിപി, എന്‍ഡിഎഫ് തുടങ്ങിയ തീവ്രവാദ സംഘടനകളെയാണ് താന്‍ വിമര്‍ശിച്ചിട്ടുള്ളത്. മുസ്ലിങ്ങളില്‍ എല്ലാവരും തീവ്രവാദികളല്ല. വളരെ അപൂര്‍വ്വം ആളുകളില്‍ മാത്രമാണ് അത്തരത്തിലുള്ള വികാരമുള്ളത്. കോണ്‍ഗ്രസില്‍ എന്‍ഡിഎഫ് ബന്ധമുള്ളവരുണ്ടെങ്കില്‍ അവരെ പുറത്താക്കണം- ആര്യാടന്‍ പറഞ്ഞു.
വിഷം ഒരു തുള്ളി മതിയെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയാണ് താന്‍ തീവ്രവാദത്തിനെതിരായ നിലപാടെടുത്തത്. തന്റെ നിലപാടില്‍ മാറ്റമൊന്നും വരുത്തില്ല. തീവ്രവാദത്തിനെതിരെയുള്ള രൂക്ഷമായ പ്രതികരണങ്ങളും കാമ്പയിനുകളുമായി മുന്നോട്ടുപോകും -അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദവിരുദ്ധ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസിനകത്ത് നിന്നും മുസ്ലീംലീഗില്‍ നിന്നും വിമര്‍ശനം ഉണ്ടായപ്പോഴാണ് ആര്യാടന്‍ വീണ്ടും രംഗത്തെത്തിയത്. വോട്ടുചോരുന്നത് ഭയന്ന് സിപിഎമ്മും മുസ്ലിംലീഗും തീവ്രവാദ സംഘടനകളെ എതിര്‍ക്കുന്നില്ലെന്ന പ്രസ്താവന അദ്ദേഹം ആവര്‍ത്തിച്ചു.
മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Click it and Unblock the Notifications