സദ്ദാമിനെതിരായ വിധി അസംബന്ധം: പ്രകാശ് കാരാട്ട്
തിരുവന്തപുരം: മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ വധശിക്ഷയ്ക്കു വിധേയനാക്കാനുള്ള കോടതി വിധി അസംബന്ധമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.
വിധിയ്ക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങളുയരുമെന്നും യുപിഎ സര്‍ക്കാര്‍ വിധിയെ അപലപിക്കുകയും അവഗണിക്കുകയും വേണമെന്നും കാരാട്ട് പറഞ്ഞു. അന്താരാഷ്ട്രവേദികളില്‍ ഇതുസംബന്ധിച്ച് ഇന്ത്യയുടെ നിലപാടും പ്രതിഷേധവും വ്യക്തമാക്കണം.
വിധിയ്ക്കെതിരായ രാജ്യാന്തര സമ്മര്‍ദ്ദത്തിന് ഇന്ത്യമുന്‍കയ്യെടുക്കണമെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തേ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായി തീരുമാനിക്കപ്പെട്ടതാണ് ഈ വിധി. അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചുവെന്നാണ് ഈ വിധി തെളിയിക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാഖിലെ കമ്മ്യൂണിസ്റ് പാര്‍ട്ടി വിധിയെ സ്വാഗതം ചെയ്ത നടപടി ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെ ചെയ്യുന്നവരെ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ഭാഗമായി കരുതാനാകില്ലെന്നായിരുന്നു കാരാട്ടിന്റെ പ്രതികരണം.
സദ്ദാമിന്റെ വധശിക്ഷയ്ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്ലാ പാര്‍ട്ടി ഘടകങ്ങള്‍ക്കും അദ്ദേഹം ആഹ്വാനം നല്‍കി.












Click it and Unblock the Notifications