തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സീറ്റുകളും എല്‍ഡിഎഫിന്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലെ 19 വാര്‍ഡുകളിലേയ്ക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്തിടത്ത് എല്‍ഡിഎഫ് വിജയിച്ചു. ബാക്കി ഏഴുസീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ രണ്ടിടത്ത് ബിജെപി വിജയം കണ്ടു.
പലസ്ഥലങ്ങളിലും പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കിലും മൂന്നു കക്ഷികള്‍ക്കും നിലവിലുള്ള ആകെ സീറ്റുകളുടെ എണ്ണത്തില്‍ മാറ്റം വന്നിട്ടില്ല. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ഇരിക്കൂര്‍ ഡിവിഷനില്‍ സിപിഎമ്മിന് ഭൂരിപക്ഷം വര്‍ദ്ധിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായതിനെത്തുടര്‍ന്ന് എം.സി രാഘവന്‍ രാജിവെച്ച സീറ്റാണിത്.
ബിജെപിയുടെ കൈവശമുണ്ടായിരുന്ന കണ്ണൂര്‍ ജില്ലയിലെ കീഴൂര്‍-ചാവശ്ശേരി പഞ്ചായത്തിലെ പാറേങ്ങോട് വാര്‍ഡ് സിപിഎം പിടിച്ചെടുത്തിട്ടുണ്ട്. യുഡിഎഫിന് ആധിപത്യമുണ്ടായിരുന്ന കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ പഞ്ചായത്തിലെ അന്നശ്ശേരി, പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി പഞ്ചായത്തിലെ മാട്ടുമന്ത, കണ്ണമ്പ്ര പഞ്ചായത്തിലെ പുളിങ്കൂട്ടം എന്നീ വാര്‍ഡുകളും എല്‍ഡിഎഫ് കരസ്തമാക്കി.
തിരുവന്തപുരം ജില്ലയിലെ നാവായിക്കുളം പഞ്ചായത്തിലെ മുക്കുകട, കോട്ടയം വെള്ളൂര്‍ പഞ്ചായത്തിലെ തണ്ണിപ്പള്ളി, ആലപ്പുള എഴുപുന്ന പഞ്ചായത്തിലെ കോന്നനാട്, എന്നിവയാണ് സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്ത സീറ്റുകള്‍.
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ എടവിലങ്ങ് വാര്‍ഡ് സിപിഎമ്മില്‍ നിന്നും ബിജെപി പിടിച്ചെടുത്തു. ഇവിടെ യുഡിഎഫിന് കെട്ടിവച്ച കാശ് നഷ്ടമാവുകയും ചെയ്തു. ഡിസംബര്‍ ആറിനുള്ളില്‍ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പു ചിലവിന്റെ കണക്ക് ബോധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications