ഇ.അഹമ്മദ് ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു
മലപ്പുറം: കേന്ദ്രസഹമന്ത്രി ഇ. അഹമ്മദ് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. പാണക്കാട്ട് ചേര്‍ന്ന മുസ്ലീംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് അഹമ്മദ് സ്ഥാനമൊഴിഞ്ഞതായി അറിയിച്ചത്.
മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ടുള്ള തിരക്കുകള്‍ മൂലം പാര്‍ട്ടി കാര്യങ്ങള്‍കൂടി ശ്രദ്ധിക്കാന്‍ സമയമില്ലാത്തതിനാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് പാര്‍ട്ടി വിശദീകരണം. പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നാലംഗ സമിതിയെയാണ് താല്‍ക്കാലിക ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.
ലീഗീനെതിരെ കോണ്‍ഗ്രസ് എംഎല്‍എ ആര്യാടന്‍ മുഹമ്മദ് തിവ്രവാദ ബന്ധം ഉയര്‍ത്തി പ്രസ്താവന നടത്തിയ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച ഭാരവാഹികളുടെ അടിയന്തര യോഗം ചേര്‍ന്നത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് യോഗം ചര്‍ച്ചചെയ്തിട്ടില്ലെന്നാണ് ഭാരവാഹികല്‍ അറിയിച്ചത്.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലീഗിലെ എല്ലാ ഭാരവാഹികളും പങ്കെടുത്തു. തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ് തുടങ്ങിയ നേതാക്കള്‍ യോഗത്തിന് മുമ്പ് അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അടുത്തതായി നടക്കാനിരിക്കുന്ന പ്രവര്‍ത്തക സമിതിയോഗത്തിന്റെ അജണ്ട നിശ്ചയിക്കലും മറ്റ് സംഘടനാകാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. ഒപ്പംതന്നെ ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ വധശിക്ഷയ്ക്കു വിധിച്ചതില്‍ പ്രതിഷേധിക്കാന്‍ നവംബര്‍ 10ന് ഐക്യദാര്‍ഢ്യറാലി നടത്താന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ വിശദീകരണത്തെത്തുടര്‍ന്ന് ആര്യാടന്റെ പ്രസ്താവന അവഗണിക്കാനുള്ള നേതൃത്വത്തിന്റെ നീക്കം ലീഗിലെ യുവജനസംഘടനകള്‍ക്ക് സ്വീകാര്യമല്ലായിരുന്നു.
ആര്യാടനെ വഴിയില്‍തടയുന്നത് അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ക്ക് യുവജന സംഘടനകള്‍ തീരുമാനിച്ചിരുന്നെങ്കിലും ചൊവാഴ്ചത്തെ യോഗത്തില്‍ ശക്തമായ നിലപാടെടുക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചതിനെത്തുടര്‍ന്ന് ഇവര്‍ പിന്‍മാറുകയായിരുന്നു.












Click it and Unblock the Notifications