നഴ്സുമാരുടെ ജോലിസമയം എട്ട് മണിക്കൂറാക്കും
കൊച്ചി: സംസ്ഥാനത്തെ താലൂക്കാശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്സുമാരുടെ ജോലിസമയം എട്ടുമണിക്കൂറാക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേരള ഗവണ്‍മെന്റ് നഴ്സസ് അസോസിയേഷന്റെ നാല്പത്തിയെട്ടാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും നഴ്സുമാരുടെ ജോലി സമയം എട്ടുമണിക്കൂറാണ്. ഇതിന് സമാനമായാണ് താലൂക്കാശുപത്രികളിലെ ജോലിസമയത്തിലും മാറ്റംവരുത്തുക. നഴ്സുമാരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതുള്‍പ്പെടെ നല്‍കിയ വാഗ്ദാനങ്ങളെല്ലാം ഉടന്‍ നടപ്പാക്കും-അദ്ദേഹം വ്യക്തമാക്കി.
ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്ന രോഗികളോടൊപ്പമുള്ള അവരുടെ ബന്ധുക്കളോടുള്ള സമീപനം നഴ്സുമാര്‍ മാറ്റണം. അവരോട് മാന്യമായി ഇടപെടാന്‍ ശ്രമിക്കണം. ആശുപത്രികളുമായി ബന്ധപ്പെട്ട് നിലവിലുള്ള അഴിമതികള്‍ ഒരളവുവരെ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് പൂര്‍ണ്ണമായും തുടച്ചുമാറ്റാന്‍ കഴിഞ്ഞിട്ടില്ല--അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടേതുമടക്കം 4522 പോസ്റുകള്‍ യുഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതമുണ്ടായത് ചിക്കന്‍ഗുനിയ പടര്‍ന്നു പിടിച്ച അവസരത്തിലാണ്.
ആലപ്പുഴയിലും മറ്റും രോഗംബാധിച്ചവരെ ചികിത്സിക്കുന്നതിനായി ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കാന്‍ ഇതുമൂലം ബുദ്ധിമുട്ടുണ്ടായി. രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ ശുചിത്വം കാത്തുസൂക്ഷിക്കണമെന്നും ഇക്കാര്യത്തില്‍ കേരളം മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications