ഉപതിരഞ്ഞെടുപ്പില്‍ സദ്ദാമും വിഷയമായേക്കും
തിരുവനന്തപുരം: മുന്‍ ഇറാഖി പ്രസിഡന്റ് വധശിക്ഷയ്ക്കു വിധിച്ചതിനെ തുടര്‍ന്ന് അന്തര്‍ദേശീയ തലത്തില്‍ അലയടിക്കുന്ന പ്രതിഷേധം ഡിസംബര്‍ നാലിന് നടക്കുന്ന തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിലും വിഷയമായേക്കും.
ദേശീയ, അന്തര്‍ദേശീയ പ്രശ്നങ്ങള്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളില്‍ പ്രചാരണ വിഷയമാവുന്നത് പതിവാണ്. ഇറാന്‍ പ്രശ്നമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു. അതിനു മുമ്പു നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അടിയന്തിരാവസ്ഥയും രാജന്‍ സംഭവുമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.
സാമുദായിക വേര്‍തിരിവുകള്‍ പ്രബലമായ അടിയൊഴുക്കായി നിലനില്‍ക്കുന്ന തിരുവമ്പാടി പോലൊരു മണ്ഡലത്തില്‍ സദ്ദാം പ്രശ്നം പ്രചാരണവേളയില്‍ ഉന്നയിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തെ മണ്ഡലങ്ങളില്‍ ഇടതുമുന്നണി ഇറാന്‍ പ്രശ്നം ഉന്നയിച്ചതിന് സദൃശമായി ഇത്തവണ സദ്ദാമിന്റെ വധശിക്ഷയും യുപിഎ സര്‍ക്കാരിന്റെ നിലപാടും ചര്‍ച്ചാവിഷയമായേക്കും.
അതേ സമയം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇതൊരു തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇറാന്‍ പ്രശ്നമാണ് ഇടതുമുന്നണി ഉന്നയിച്ചത്. ഇപ്പോള്‍ സദ്ദാമിന്റെ തടവുശിക്ഷയെ ഇറാന്‍ പിന്തുണക്കുന്നു.
ചൈനയിലെയും ഇറാഖിലെയും കമ്യൂണിസ്റ് പാര്‍ട്ടികളും വധശിക്ഷയെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നിട്ടും ഇവിടെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് സിപിഎം- ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
എന്നാല്‍ പ്രചാരണം പുരോഗമിക്കുന്നതിന് അനുസരിച്ചായിരിക്കും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ തീരുമാനിക്കപ്പെടുകയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.












Click it and Unblock the Notifications