കൈത്തറിയുടെ പ്രതീക്ഷ ഇനി ടൂറിസത്തില്‍
ബാലരാമപുരം(തിരുവനന്തപുരം): കൈത്തറി വസ്ത്രനിര്‍മ്മാണത്തിന് പ്രശസ്തമായ ബാലരാമപുരത്തെ വില്ലികുളം ഭാഗത്തുള്ള കൈത്തറി തൊഴിലാളികള്‍ക്കായുള്ള പ്രോത്സാഹനകേന്ദ്രത്തിന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ബുധനാഴ്ച തറക്കല്ലിട്ടു.
ഇവിടത്തെ തൊഴിലാളികള്‍ നെയ്തെടുക്കുന്ന കൈത്തറി വസ്ത്രങ്ങളും മറ്റുഉല്‍പ്പന്നങ്ങളും നെയ്യുന്ന രീതികളും വിനോദസഞ്ചാരികള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനും അവര്‍ക്ക് നല്ലതൊഴില്‍ സാചര്യങ്ങള്‍ സജ്ജീകരിക്കുന്നതിനുവേണ്ടിയാണ് കേന്ദ്രം നിര്‍മ്മിക്കുന്നത്.
കേരളത്തിലെ ഉള്‍നാടന്‍ ജലപാതകള്‍ക്കും പച്ചപ്പുനിറഞ്ഞ പ്രകൃതിഭംഗിയ്ക്കുംശേഷം ആഗോളതലത്തില്‍ ഏറ്റവുംകൂടുതല്‍ ആകര്‍ഷണമുണ്ടാക്കുന്ന ഒന്നാണ് കേരളത്തിലെ കൈത്തറി തുണിത്തരങ്ങള്‍.
കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി കൈത്തറിയുടെ അപരനാമമായിപ്പോലും ബാലരാമപുരം എന്ന പേര് പറഞ്ഞുവരുന്നുണ്ട്. ഏറ്റവും നല്ല കൈത്തറിത്തുണിത്തരങ്ങള്‍ക്ക് പേരുകേട്ടസ്ഥലമാണ് ബാലരാമപുരം. അറുനൂറോളം കുടുംബങ്ങളാണ് കൈത്തറിജോലികൊണ്ട് ഇവിടെ ഉപജീവനം നടത്തുന്നത്.
സാരികളിലും, മുണ്ടുകളിലും, ചുരിദാര്‍തുണിത്തരങ്ങളിലുമെല്ലാം നൂലുകൊണ്ട് അതിയശയിപ്പിക്കുന്ന രീതിയില്‍ ചിത്രപ്പണികള്‍ചെയ്ത് ബാലരാമപുരത്തെ കൈത്തറിത്തൊഴിലാളികള്‍ സജീവമായി രംഗത്തുണ്ട്.
എന്നാല്‍ ഈ മേഖലയ്ക്ക് സര്‍ക്കാറില്‍ നിന്നും വേണ്ടത്ര പ്രോത്സാഹനമോ സഹായങ്ങളോ ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ ഇവിടെത്തെ തൊഴിലാളികള്‍ക്ക് കഴിയാതെ വന്നു. മാത്രമല്ല ഇടനിലക്കാര്‍ വഴി തുച്ഛമായ വിലയ്ക്ക് അത്യദ്ധ്വാനം ചെയ്തു ഉണ്ടാക്കുന്ന ഉത്പന്നങ്ങല്‍ നല്‍കേണ്ടതായും വരുന്നു. പത്തുമണിക്കൂറോളം ചെലവാക്കി പണിതുതീര്‍ക്കുന്ന ഉല്‍പന്നങ്ങല്‍ വില്‍ക്കുമ്പോള്‍ ഇവര്‍ക്കുകിട്ടുന്ന വരുമാനം പലപ്പോഴും അമ്പതുരൂപയില്‍ താഴെയാണ്.
എന്നാല്‍ ഇവരില്‍ നിന്നും 185രൂപ കൊടുത്ത് മുണ്ടുകള്‍ വാങ്ങിക്കുന്ന ഇടനിലക്കാര്‍ 300 രൂപയ്ക്കാണ് അത് പുറത്ത് വില്‍ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ മേഖലയുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പരിഗണനല്‍കിത്തുടങ്ങിയത് ബാലരാമപുരത്തുകാര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാറും സംസ്ഥന സര്‍ക്കാറും പ്രത്യേക ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തി അടുത്ത വര്‍ഷമാകുമ്പോഴേയ്ക്കും വില്ലികുളം പ്രദേശത്തെ ഹാന്റ്ലൂം ടൂറിസ്റ് വില്ലേജാക്കി മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. അതിന്റെ ആദ്യഘട്ടമായാണ് പുതിയ കേന്ദ്രം തുടങ്ങുന്നത്.
കൈത്തറി ജോലികള്‍ ചെയ്യുന്ന പതിനാറ് കുടുംബങ്ങള്‍ക്ക് ജോലിയെടുക്കാനും ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുമുള്ളവേദിയാണ് ആദ്യമുണ്ടാക്കുന്നതെന്ന് ടൂറിസംവകുപ്പ് ഉദ്യോഗസ്ഥന്‍ യു.വി വര്‍ഗീസ് പറഞ്ഞു.
കേരളാ ഇന്റസ്ട്രിയല്‍ ആന്റ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍, ഇന്റസ്ട്രിയല്‍ ഡവലപ്പ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനം, കേരള സര്‍ക്കാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെന്റര്‍ നിര്‍മ്മിക്കുന്നത്. പ്രമുഖ ആര്‍ക്കിടെക്ട് ജി. ശങ്കര്‍ ആണ് കെട്ടിടത്തിന്റെ മാതൃക തയ്യാറാക്കിയിരിക്കുന്നത്.
ഇതുകൂടാതെ യാത്രാ സൗകര്യത്തിനായി സര്‍ക്കാര്‍ ഫണ്ടില്‍ നിന്നുള്ളതുകയുപയോഗിച്ച് പതിനാറ് കുടുംബങ്ങള്‍ താമസിക്കുന്ന ഈ മേഖലയിലേയ്ക് പുതിയ റോഡ് നിര്‍മ്മിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.












Click it and Unblock the Notifications