ശ്രീകണ്ഠാപുരം ഇ-സാക്ഷരത കൈവരിച്ചു
കണ്ണൂര്‍: അക്ഷയ പരിപാടിയുടെ ഭാഗമായി ശ്രീകണ്ഠാപുരം പൂര്‍ണമായും ഇ-സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിച്ചു.
ശ്രീകണ്ഠാപുരത്ത് നടന്ന ചടങ്ങില്‍ വല്ല്യാട് പട്ടികജാതി കോളനിയിലെ ഏറ്റവും പ്രായമേറിയ ആദിവാസി സ്ത്രീയായ ചിയ്യായിയാണ് പ്രഖ്യാപനം നടത്തിയത്. അക്ഷയ പരിപാടിയുടെ കീഴില്‍ കമ്പ്യൂട്ടര്‍ പഠിച്ച ചിയ്യായി ലാപ്ടോപിലെ കീബോര്‍ഡില്‍ വിരലമര്‍ത്തിയാണ് പ്രഖ്യാപനം നടത്തിയത്. ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയും കെ.സി.ജോസഫ് എംഎല്‍എയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നടപ്പിലാക്കുന്ന അക്ഷയ കമ്പ്യൂട്ടര്‍ സാക്ഷരതാ പരിപാടിയുടെ രണ്ടാം ഘട്ടത്തില്‍ ഇ-സാക്ഷരത നേടിയതായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ പഞ്ചായത്താണ് ശ്രീകണ്ഠാപുരം.
പഞ്ചായത്തിലെ 5300 കുടുംബങ്ങളും കമ്പ്യൂട്ടര്‍ സാക്ഷരതാ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ പങ്കെടുത്തവരില്‍ 65 ശതമാനവും സ്ത്രീകളാണ്. പഞ്ചായത്തിലെ നൂറോളം ആദിവാസി കുടുംബങ്ങളില്‍ നിന്നായി 142 പേരും ഇ-സാക്ഷരത നേടി. 11 മാസത്തിനുള്ളിലാണ് ശ്രീകണ്ഠാപുരം ഇ-സാക്ഷരത കൈവരിച്ചത്.












Click it and Unblock the Notifications