ബീഹാര്‍ മന്ത്രി ദാരിദ്യ്രരേഖയ്ക്കു താഴെ
പട്ന: ബീഹാറിലെ നിതീഷ്കുമാര്‍ സര്‍ക്കാരിലെ ക്യാബിനറ്റ് പദവിയുള്ള മന്ത്രിയുടെ പേര് ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരുടെ പുതിയ പട്ടിക തയ്യാറാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന സംസ്ഥാന ഗ്രാമവികസന മന്ത്രി വൈദ്യനാഥ് പ്രസാദ് മഹ്തോയുടെ പേരാണ് ദാരിദ്യ്രരേഖയ്ക്ക് താഴെ കഴിയുന്നവരുടെ പട്ടികയില്‍ ഇടം പിടിച്ചത്. മഹ്തോയുടെ ജന്മനാടായ പകാഡിയ ഗ്രാമത്തിലെ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരുടെ കൂട്ടത്തിലാണ് മന്ത്രിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ നടുക്കം രേഖപ്പെടുത്തിയ മഹ്തോ ഒരു വീടും ജീപ്പും കൃഷിഭൂമിയും സ്വന്തമായുള്ള തനിക്ക് സാമ്പത്തികശേഷിയുടെ മാനദണ്ഡമായി 42 പോയിന്റ് നല്‍കുന്നതിന് പകരം ആറ് പോയിന്റാണ് നല്‍കിയതെന്ന് വ്യക്തമാക്കി.
ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ യാദൃശ്ചികമായി തന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണെന്ന് വെളിപ്പെട്ടതായി മഹ്തോ പറഞ്ഞു. പട്ടിക കമ്പോസ് ചെയ്യുമ്പോള്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ക്ക് തെറ്റു പറ്റിയതാണെന്നും തെറ്റ് തിരുത്താന്‍ താന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications