കണിച്ചുകുളങ്ങര കേസ്: സജിത് കീഴടങ്ങി
ആലപ്പുഴ: കണിച്ചുകുളങ്ങര കൂട്ടക്കൊല കേസിലെ ആറാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സജിത് കീഴടങ്ങി. വെള്ളിയാഴ്ച രാവിലെആലപ്പുഴ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പി.എ. ജോണ്‍സണ്‍ മുമ്പാകെയാണ് കീഴടങ്ങല്‍.
സജിതിന്റെ പിതാവ് സുധാകരന്‍, അഭിഭാഷകന്‍ രാജീവന്‍ എന്നിവരോടൊപ്പമാണ് സജിത്തെത്തിയത്. കഴിഞ്ഞ ദിവസം സജിതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അന്വേഷണ സംഘത്തിനു മുമ്പില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
കഴിഞ്ഞ 17 മാസമായി താന്‍ കേരളത്തിലില്ലായിരുന്നുവെന്നും കഴിഞ്ഞ ദിവസമാണ് താനെത്തിയതെന്നും സജിത് പറഞ്ഞു. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ജീവന് ഭീഷണിയുണ്ടായിരുന്നത് കൊണ്ടാണ് താനിത്രയും കാലം ഒളിവില്‍ കഴിഞ്ഞതെന്നും സജിത് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെള്ളിയാഴ്ച താന്‍ കീഴടങ്ങുമെന്ന് സജിത് വ്യക്തമാക്കിയിരുന്നു. തന്നെ കൊന്നുകളയുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സജിത് അഭിമുഖത്തില്‍ പറഞ്ഞു.
പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം സജിത്തിനെ ആലപ്പുഴ ഫസ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications