ചലച്ചിത്ര നിര്‍മ്മാതാവ് കെ.പി കൊട്ടാരക്കര അന്തരിച്ചു
ചെന്നൈ: ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ കെ.പി കൊട്ടാരക്കര (കുട്ടന്‍പിള്ള കൊട്ടാരക്കര-84) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
മലയാളം, തമിഴ്, കന്നഡ ,തെലുങ്ക് എന്നീ ഭാഷകളിലായി 59 സിനിമകള്‍ നിര്‍മ്മിച്ച ഇദ്ദേഹം മലയാളത്തില്‍ മാത്രം 27സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 85സിനിമകളുടെ രചനയും നിര്‍വ്വഹിച്ചിട്ടുണ്ട്.
1949ല്‍ സത്യന്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച ആത്മസഖിയാണ് ആദ്യമായി തിരക്കഥ രചിച്ച ചിത്രം. ദിലീപ്, ശാരദ എന്നിവരഭിനയിച്ച മഴത്തുള്ളിക്കിലുക്കമാണ് അവസാനമായി നിര്‍മ്മിച്ച ചിത്രം. ഏതാനും ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
കൊട്ടാരക്കര കാക്കാകുട്ടൂര്‍ കുടുംബാംഗമായ പരേതനായ രാമന്‍ പിള്ളയുടെയും പാര്‍വ്വതിയുടെയും മകനാണ് കെ.പി. ശാരദ കൊട്ടാരക്കരയാണ് ഭാര്യ. ഗണേശ് കൊട്ടാരക്കര, രവി കൊട്ടാരക്കര എന്നിവര്‍ മക്കളാണ്.
ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ കെ.പി സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കോമേഴ്സിന്റെ പ്രസിഡന്റായ ആദ്യ മലയാളിയായിരുന്നു. ശവസംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3,30ന് അണ്ണാനഗര്‍ ശ്മശാനത്തില്‍ നടക്കും.












Click it and Unblock the Notifications