ബംഗാളില്‍ തീവണ്ടിയില്‍ സ്ഫോടനം: പത്തുപേര്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ന്യൂ ജല്‍പായ്ഗുരിയ്ക്ക് സമീപം പാസഞ്ചര്‍ തീവണ്ടിയിലുണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ജല്‍പായ്ഗുരി ജില്ലയില്‍ ബലകോബ സ്റേഷനില്‍ തിങ്കളാഴ്ച വൈകീട്ടാണ് സ്ഫോടനമുണ്ടായത്. ഹാല്‍ഡിബാരിയില്‍ നിന്ന് ന്യൂ ജല്‍പായ്ഗുരിയ്ക്ക് പോവുകയായിരുന്ന പാസഞ്ചര്‍ തീവണ്ടിയിലാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തില്‍ രണ്ട് ബോഗികള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ഈ മേഖലയില്‍ തീവണ്ടി ഗതാഗതം നിര്‍ത്തിയിരിക്കുകയാണ്.
സ്ഫോടനത്തിന് പിന്നില്‍ ഏതെങ്കിലും പ്രത്യേക തീവ്രവാദി സംഘങ്ങള്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് ഐജി രാജ്കനോരിയ പറഞ്ഞു.
പ്രത്യേക കാന്തിപുര്‍ സംസ്ഥാനത്തിന് വേണ്ടി വാദിക്കുന്ന കെഎല്‍ഒ തീവ്രവാദി സംഘമോ ഉള്‍ഫയോ ആകാം സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
രഹസ്യാന്വേഷണ വിഭാഗത്തിലെയും സിഐഡിയിലെയും ഉദ്യോഗസ്ഥരുള്‍പ്പെട്ട പ്രത്യേക സംഘം സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പഞ്ചിമബംഗാള്‍ ആഭ്യന്തരസെക്രട്ടറി പി.ആര്‍ റോയ് അറിയിച്ചു.
സ്ഫോടനത്തെത്തുടര്‍ന്ന് ബംഗാളിന്റെ വടക്കന്‍ മേഖലകളില്‍ പൊലീസ് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications