തുകല്‍ ഫാക്ടറിയ്ക്ക് തീപിടിച്ച് ഒമ്പത് പേര്‍ മരിച്ചു
കൊല്‍ക്കത്ത: നഗരത്തിലെ ടോപ്സിയയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന തുകല്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് പേര്‍ മരിച്ചു. 18 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയ്ക്കാണ് ഫാക്ടറിയുടെ ഉള്‍ഭാഗത്ത് തീപ്പിടുത്തമുണ്ടായതെന്ന് പൊലീസ് ഐജി രാജ് കനോജിയ അറിയിച്ചു. ഫാക്ടറിയുടെ വാതിലുകള്‍ അടച്ചിട്ടിരുന്നതിനാല്‍ ജോലിക്കാര്‍ക്ക് പുറത്തുകടക്കാന്‍ കഴിയാത്തതാണ് ദുരന്തത്തിനിടയാക്കിയത്.
മരിച്ച ഒന്‍പതുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്ത് പോസ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ നാഷണല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നാലുനില കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് അനുമതിയില്ലാതെ തുകല്‍ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. അഗ്നിശമന സേനയെത്തിയാണ് കെട്ടിടത്തിലെ തീയണച്ചത്.
തീപ്പിടുത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തീപ്പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളുടെ വലിയ ശേഖരം ഫാക്ടറിയ്ക്കുള്ളിലുണ്ടായിരുന്നതായി സംശയമുണ്ട്. തീപ്പിടുത്തത്തെത്തുടര്‍ന്നുണ്ടായ പരിഭ്രാന്തി അകറ്റുന്നതിനായി പ്രദേശത്ത് ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications