കാര്‍ഷിക വായ്പ നല്‍കാത്ത സഹകരണബാങ്കുകള്‍ പിരിച്ചുവിടും: മന്ത്രി
ആലപ്പുഴ: കര്‍ഷകര്‍ക്ക് വായ്പ നല്‍കാത്ത സഹകരണ ബാങ്കുകളെ പിരിച്ചുവിടുമെന്ന് സഹകരണ മന്ത്രി ജി.സുധാകരന്‍ .
സഹകരണ ബാങ്കുകളെ രാഷ്ട്രീയമായി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ കാര്‍ഷിക വായ്പ നല്‍കാത്ത ബാങ്കുകളെ രാഷ്ട്രീയം നോക്കാതെ പിരിച്ചുവിടും-മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ജില്ലാതല സഹകരണ സെമിനാര്‍ ചൊവ്വാഴ്ച ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂപരിഷ്കരണ നിയമത്തിലൂടെ പാവപ്പെട്ടവന് ഭൂമി നല്‍കിയ സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇപ്പോള്‍ കാര്‍ഷിക കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനായി കര്‍ഷകരുടെ ഭൂമി ജപ്തി ചെയ്യുന്ന അവസ്ഥയാണുള്ളത്.
ജപ്തി നടപടികള്‍ ഒഴിവാക്കുകയും കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക ലോണുകള്‍ നല്‍കുകയും ചെയ്യണം. കിട്ടാക്കടങ്ങള്‍ പിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ വീടുകള്‍ കയറിയിറങ്ങുകയും സഹകരണ തത്ത്വങ്ങള്‍ പ്രചരിപ്പിക്കുകയും വേണം. മനപ്പൂര്‍വ്വം കടം തിരിച്ചടയ്ക്കാത്തവരുണ്ടെങ്കില്‍ അവരെ കണ്ടുപിടിക്കണം- അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എന്തും പറയാനുള്ള അവകാശമുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നറിയില്ല-മന്ത്രി പറഞ്ഞു.
ശുപാര്‍ശയുണ്ടെങ്കില്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍. തന്നോടൊപ്പം ഏഴ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ ഒരാള്‍ മാത്രമാണ് തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിട്ടുള്ളത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ പരസ്യപ്രസ്താവനയ്ക്ക് മുതിരരുതെന്നും മന്ത്രി പറഞ്ഞു. ദേവസ്വം അഴിമതിക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications