ഐക്യം തകര്‍ന്നത് അഴിമതി പ്രശ്നത്തില്‍: പണിക്കര്‍
കോട്ടയം: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം തകര്‍ന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി സംബന്ധിച്ച പ്രശ്നത്തെ തുടര്‍ന്നാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍.
അഴിമതിയെ പറ്റി അന്വേഷിക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടപ്പോള്‍ അഴിമതിയേ നടന്നിട്ടില്ലെന്ന നിലപാടായിരുന്നു എസ്എന്‍ഡിപിക്ക്. ഇക്കാര്യത്തില്‍ എന്‍എസ്എസ് നിലപാട് ശരിയാണെന്ന് തെളിഞ്ഞു.
ഹിന്ദുക്കളെ പൊതുവായി ബാധിക്കുന്ന പ്രശ്നത്തില്‍ വിരുദ്ധ നിലപാടുകള്‍ കൈകൊണ്ടതിനെ തുടര്‍ന്നാണ് ഐക്യം തകര്‍ന്നത്. ദേവസ്വം ബോര്‍ഡിലെ അഴിമതി പ്രശ്നം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ അതേ കുറിച്ച് ഒരു ചര്‍ച്ച ആവശ്യമില്ല.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതികള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട നിലപാടുകളെ സ്വാഗതം ചെയ്യുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കാനുള്ള നീക്കങ്ങളും സ്വാഗതാര്‍ഹമാണെന്ന് പണിക്കര്‍ പറഞ്ഞു.
എന്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാന്‍ മറ്റൊരു സമുദായ നേതാവിനും അവകാശമില്ലെന്നും ജനാധിപത്യരീതിയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് എന്‍എസ്എസെന്നും പണിക്കര്‍ പറഞ്ഞു.












Click it and Unblock the Notifications