പീഡനക്കേസ് പ്രതിയ്ക്ക് വിഐപി പരിചരണം
കാഞ്ഞങ്ങാട്: ലൈംഗിക പീഡനക്കേസ് പ്രതിയ്ക്ക് ജില്ലാ ആശുപത്രിയില്‍ പൊലീസ് അകമ്പടിയോടെ സുഖവാസം.
ബലാംല്‍സംഗക്കേസില്‍ പ്രതിയാക്കപ്പെട്ടതിനെത്തുടര്‍ന്ന് റിമാന്റുചെയ്യപ്പെട്ട മന്‍സൂര്‍ ആശുപത്രിയുടെ ചെയര്‍മാന്‍ കുഞ്ഞഹമ്മദ്(57)ആണ് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ സര്‍വ്വവിധ സൗകര്യങ്ങളോടും കൂടി കഴിയുന്നത്.
കുഞ്ഞഹമ്മദ് ചെയര്‍മാനായി മന്‍സൂര്‍ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയായ ഇരുപതുകാരി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവന്നാണ് ഇയാളുടെ പേരിലുള്ള കുറ്റം. അറസ്റ് ചെയ്യപ്പെട്ടിതിനെത്തുടര്‍ന്ന് നവംബര്‍ 16നാണ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഇയാളെ റിമാന്റുചെയ്തത്.
തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതായി അറിയിച്ചപ്പോളാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രത്യേകമുറിയിലായിരുന്നു ആദ്യം കുഞ്ഞഹമ്മദിനെ പ്രവേശിപ്പിച്ചത്. പിന്നീട് ഈ പ്രശ്നത്തിന്റെ പേരില്‍ ഡിവൈഎഫ്ഐയും എഐഎസ്എഫും പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയതിനെത്തുടര്‍ന്നാണ് വിഐപിയെ ജനറല്‍ വാഡിലേയ്ക്ക് മാറ്റാന്‍ അധികൃതര്‍ തയ്യാറായത്.
പീഡനത്തിനിരയായ കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ സ്വദേശിയായ യുവതി ഏതാനും ആഴ്ചകള്‍ക്കുമുമ്പ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെക്കണ്ട് ആശുപത്രി ചെയര്‍മാന്‍ പീഡിപ്പിച്ചതായി പരാതി നല്‍കിയിരുന്നു.
ആശുപത്രി ചെയര്‍മാനും ധനികനും അധികാരകേന്ദ്രങ്ങളില്‍ പിടിപാടുമുള്ള കുഞ്ഞഹമ്മദ് അയാളുടെ ഓഫീസില്‍ വെച്ച് ഒക്ടോബര്‍ 15ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.
പരാതി സ്വീകരിച്ച് മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. തുടര്‍ന്ന് നവംബര്‍ 16ന് പൊലീസ് കുഞ്ഞഹമ്മദിനെ അറസ്റുചെയ്യുകയും ചെയ്തു. പേരിന് അറസ്റു നടന്നെങ്കിലും ഒരു വിഐപിയ്ക്ക് നല്‍കുന്ന പരിഗണനകളാണ് പൊലീസ് പീഡനക്കേസ് പ്രതിയ്ക്ക് നല്‍കിവന്നത്.
ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പൊലീസ് സെല്ലിലേയ്ക്കോ അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കോ മാറ്റണമെന്നാണ് ജനത്തിന്റെ ആവശ്യം. ഇപ്പോള്‍ ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്ന ജില്ലാ ആശുപത്രിയില്‍ പൊലീസ് സെല്ലില്ലാത്തതുകൊണ്ടാണ് സാധാരണ രോഗികളെപ്പോലെ കൂട്ടിനാളുകളുമായി കുഞ്ഞഹമ്മദിനെ ചികിത്സിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറായ പത്മനാഭന് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications