മുല്ലപ്പെരിയാര്‍: നാവിക സേനയുടെ പരിശോധനയ്ക്കെതിരെ കരുണാനിധി
ചെന്നൈ: നാവികസേനാ സംഘത്തെക്കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധിപ്പിച്ച കേരളസര്‍ക്കാര്‍ നടപടിയ്ക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി.
കേരളത്തിന്റെ ഈ നടപടി സുപ്രിം കോടതിയെ അറിയിക്കും. ഇത്തരം പ്രകോപനപരമായ നടപടികള്‍ തുടര്‍ന്നാല്‍ 29ന് മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാനായി ഇരുസംസ്ഥാനങ്ങളും തമ്മില്‍ നടത്താന്‍ തീരുമാനിച്ച ചര്‍ച്ചയില്‍നിന്ന് പിന്മാറും- അദ്ദേഹം മുന്നറിയിപ്പു നല്‍കി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ കേരളത്തിലെ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും മാധ്യമങ്ങളും തമിഴ്നാടിനെതിരെ നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്.
ഡാമിലെ ജലനിരപ്പുയര്‍ത്താനനുവദിക്കില്ലെന്ന കേരളത്തിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയാത്തതാണ്. കേരളത്തിന്റെ നടപടികള്‍ കാണിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തയച്ചിട്ടുണ്ട്.
അണക്കെട്ടില്‍ തമിഴ്നാട് സ്ഥാപിച്ച സ്കെയില്‍ എടുത്തുമാറ്റിയതും ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി ദയാനിധി മാരനെ ഉള്‍പ്പെടുത്തരുതെന്ന കേരളത്തിന്റെ അഭിപ്രായവും കത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്- കരുണാനിധി വ്യക്തമാക്കി.












Click it and Unblock the Notifications