തമിഴ്നാട് പാട്ടക്കാര്‍ മാത്രം: മുഖ്യമന്ത്രി
കൊല്ലം: പ്രകോപനമുണ്ടാക്കി ചര്‍ച്ചകളില്‍ നിന്നും പിന്മാറാനാണ് തമിഴ്നാടിന്റെ ശ്രമമെങ്കില്‍ പിന്മാറട്ടെയെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.
മുല്ലപ്പെരിയാറിന്റെ പാട്ടക്കാര്‍ മാത്രമാണ് തമിഴ്നാട്. തങ്ങളുടെ അധീനതയിലുള്ള അണക്കെട്ടാണെന്ന് പറയാന്‍ തമിഴ്നാടിന് അവകാശമില്ല. അണക്കെട്ടിന്റെ ഉടമസ്ഥാവകാശം കേരളത്തിനാണ്- വി.എസ് പറഞ്ഞു. കൊല്ലത്ത് വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
29ന് നടക്കുന്ന ചര്‍ച്ചയില്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വെളിവാക്കുന്നതിന് തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് മുങ്ങല്‍ വിദഗ്ധരെ കൊണ്ട് പരിശോധന നടത്തുന്നത്.
ഇതുസംബന്ധിച്ച് കേരളം തമിഴ്നാട് സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. അതുകൊണ്ട് പ്രകോപനം ഉണ്ടാക്കേണ്ട ഒരു ആവശ്യവുമില്ല. കേരളം തെളിവുകള്‍ ഹാജരാക്കിയാല്‍ അണക്കെട്ട് സുരക്ഷിതമാണെന്ന തമിഴ്നാടിന്റെ വാദം പൊളിയും. അതുകൊണ്ടാണ് അവരിപ്പോള്‍ പ്രകോപനം ഉണ്ടാക്കുന്നത്.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജല തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം അനുസരിച്ചാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായത്. അണക്കെട്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് തമിഴ്നാടിന് അനുകൂലമായ ഒരു വിധിയുണ്ടായത്.
മുന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി കേസ് നടത്താത്തതും ഇത്തരമൊരു വിധിക്ക് കാരണമായി - അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച സത്യം പുറത്ത് വരുന്നതില്‍ തമിഴ്നാടിന് താത്പര്യമില്ല. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഏതറ്റം വരെയും പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications