എന്‍സിപി ഒറ്റയ്ക്ക് പ്രചാരണം നടത്തും: മുരളി
തിരുവമ്പാടി: ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി എന്‍സിപി ഒറ്റയ്ക്ക് പ്രചരണം നടത്തുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.
തിരുവമ്പാടിയില്‍ എന്‍സിപി കണ്‍വെന്‍ഷനില്‍ സംസാരിക്കുകയാിരുന്നു മുരളി. കെ.കരുണാകരനെ പങ്കെടുപ്പിക്കാത്ത ഒരു പൊതു പരിപാടിയിലും എന്‍സിപി നേതാക്കള്‍ പങ്കെടുക്കില്ല.
തിരുവമ്പാടിയില്‍ എല്‍ഡിഎഫിനു തന്നെ എന്‍സിപി വോട്ട് ചെയ്യും. ഒരു വോട്ടും നഷ്ടപ്പെട്ടുകൂടാ. മറിച്ചു വോട്ടു ചെയ്തുവെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടില്‍ നിന്ന് പുറത്താക്കും.
ഇടതുമുന്നണി വേണ്ടെന്നു പറയുന്നതു വരെ മുന്നണിയില്‍ തുടരും. എന്‍സിപി നിലപാട് കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാക്കാമെന്ന് യുഡിഎഫ് കരുതേണ്ട. യുഡിഎഫിന് വഞ്ചനയുടെ ചരിത്രം മാത്രമേയുള്ളൂ.
പ്രചാരണത്തിന് ആരൊക്കയിറങ്ങണമെന്ന് തീരുമാനിക്കാനുള്ള അവകാശം എന്‍സിപിക്കു മാത്രമാണ്. അക്കാര്യത്തില്‍ മറ്റാരും ഇടപെടാന്‍ അനുവദിക്കില്ല.
എന്തെങ്കിലും നേട്ടം കൊതിച്ചിട്ടല്ല എല്‍ഡിഎഫിന് വോട്ട് ചെയ്യുന്നത്. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന് ലഡു നല്‍കുമ്പോള്‍ ഇത്തിരി മധുരം തിരിച്ച് പ്രതീക്ഷിച്ചിരുന്നതാണെന്നും തിരുവമ്പാടിയില്‍ മധുരം നല്‍കുമ്പോള്‍ തിരിച്ച് കയ്പ് മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെന്നും മുരളി പറഞ്ഞു.
എം. പി ഗംഗാധരനെ സിറിയക് ജോണിനൊപ്പം പ്രവര്‍ത്തക സമിതിയിലേക്ക് ഉള്‍പ്പെടുത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച തീരുമാനങ്ങളൊന്നും ദേശീയ നേതൃത്വം കൈക്കൊണ്ടില്ലെന്നാണ് അറിയുന്നത്.












Click it and Unblock the Notifications