മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ കരുണാനിധി പങ്കെടുക്കും
ദില്ലി: മുല്ലപ്പെരിയാര്‍ നദീജലതര്‍ക്കം പരിഹരിക്കുന്നതിനായി നവംബര്‍ 29 ന് നടക്കുന്ന മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധി പങ്കെടുക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പളനി മാണിക്യം അറിയിച്ചു.
മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ചചെയ്യണമെന്ന് കേരള എംപി വര്‍ക്കല രാധാകൃഷ്ണന്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
അടുത്തയാഴ്ച മുല്ലപ്പെരിയാര്‍ വിഷയം ലോക്സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് വര്‍ക്കല രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത്. മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ചചെയ്യുകയെന്നത് കേരളത്തിന്റെ പ്രധാനപ്പെട്ട ഒരാവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് രമ്യമായി പ്രശ്ന പരിഹാരമുണ്ടാക്കണമെന്നും വര്‍ക്കല രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് തമിഴ്നാടിനും ഈ വിഷയം രമ്യമായി പരിഹരിക്കണമെന്ന നിലപാടാണുള്ളതെന്ന് ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് കൂടിയായ പളനി മാണിക്യം ലോക്സഭയില്‍ പറഞ്ഞു.
നദീജലത്തിന്റെ പേരില്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് പോകരുതെന്ന ആഗ്രഹമാണ് തമിഴ്നാട് സര്‍ക്കാറിനുള്ളത്. അതുകൊണ്ട് 29 ന് നടക്കുന്ന ചര്‍ച്ചയില്‍ തമിഴ്നാട് ഉറപ്പായും പങ്കെടുക്കും-മന്ത്രി അറിയിച്ചു.












Click it and Unblock the Notifications