കെഎസ്ടിപി: വിജിലന്‍സ് അന്വേഷണം നടത്തും
തിരുവനന്തപുരം: കെഎസ്ടിപി പദ്ധതി നടത്തിപ്പിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
കരാറില്‍ വ്യാപകമായ ക്രമക്കേടുണ്ടായെന്നും സര്‍ക്കാരിന് അധികബാധ്യതയുണ്ടായെന്നുമുള്ള പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കരാറിലെ എല്ലാ ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് ഉത്തരവില്‍ പറയുന്നു.
1613 കോടിയുടെ കെഎസ്ടിപി പദ്ധതിയില്‍ 388 കോടിയായിരുന്നു സംസ്ഥാനത്തിന്റെ വിഹിതമായി കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ വിഹിതം 2000 കോടിയായി മാറുമെന്നും പദ്ധതി പൂര്‍ത്തിയാക്കാന്‍ അടുത്ത ബജറ്റിലെ സിംഹഭാഗവും ചെലവഴിക്കേണ്ടിവരുമെന്നും കഴിഞ്ഞ വര്‍ഷം ധനവകുപ്പ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്.
കരാറുകാര്‍ക്ക് യഥാസമയം പണം കിട്ടിയിരുന്നില്ല. സ്ഥലം ഏറ്റെടുക്കാത്തത് കൊണ്ടാണ് പണി നടക്കാത്തതെന്നും കൃത്യമായി പണം കിട്ടിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ പണി 30 ശതമാനം പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. പണി കൃത്യസമയത്ത് പൂര്‍ത്തിയായില്ലെങ്കില്‍ കരാറുകാരും കൃത്യസമയത്ത് സ്ഥലം ഏറ്റെടുക്കാന്‍ കഴിയാതെ വീഴ്ച വരുത്തുകയാണെങ്കില്‍ സര്‍ക്കാരും പരസ്പരം പിഴ ഒടുക്കാമെന്ന് കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു.
ഇപ്പോള്‍ പണി മുടങ്ങിയ സാഹചര്യത്തില്‍ ഇങ്ങനെയൊരു വ്യവസ്ഥയുമായി മുന്നോട്ട് പോകാനാവില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. കരാറുകാരാകട്ടെ പണി നിര്‍ത്തി വയ്ക്കുകയും ചെയ്തു. പദ്ധതിയുടെ നടത്തിപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും സര്‍ക്കാരിന് അധികബാധ്യത ഉണ്ടായിട്ടുണ്ടെന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി.
പദ്ധതി ഏറ്റെടുത്ത കമ്പനിയുടെ പ്രതിനിധിയായ ലീ സീ ബിന്നിന്റെ ആത്മഹത്യയും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.












Click it and Unblock the Notifications