ഉപതിരഞ്ഞെടുപ്പ്: പ്രചാരണം മുറുകുന്നു
കോഴിക്കോട്: തിരഞ്ഞെടുപ്പിന് എട്ടുദിവസം മാത്രം ബാക്കിനില്‍ക്കേ തിരുവമ്പാടിയില്‍ ഇരുകക്ഷികളും ചൂടുപിടിച്ച പ്രചാരണ പരിപാടികള്‍ മുറുകുന്നു.
തുടക്കത്തില്‍ കുടുംബയോഗങ്ങളായിരുന്നു ഇരുമുന്നണികളുടെയും പ്രധാന പ്രചാരണ മാര്‍ഗ്ഗം. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഇത് പൊതുയോഗങ്ങള്‍ക്കും റാലികള്‍ക്കും വഴിമാറിയിരിക്കുകയാണ്.
ഇരുമുന്നണികളുടെ മുന്‍നിരനേതാക്കളെല്ലാം മണ്ഡലങ്ങളില്‍ ക്യാംപ് ചെയ്താണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ഇടതുമുന്നണിയിലെ മിക്കവാറും എല്ലാ നേതാക്കന്മാരും പ്രചാരണപരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
യുഡിഎഫിന്റെ വനിതാനേതാക്കളും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. വനിതാ വോട്ടര്‍മാരെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് ഷാനിമോള് ഉസ്മാന്‍അടക്കമുള്ള വനിതാ നേതാക്കളെ രംഗത്തിറിക്കിയിരിക്കുന്നത്.
മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇതുവരെ പ്രചാരണത്തിനെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം അദ്ദേഹം എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ പരിപാടി റദ്ദാക്കുകയായിരുന്നു.
എന്നാല്‍ ഈ കുറവു നികത്താനായി പാണക്കാട് കുടുംബത്തിലെ മൂന്ന് നേതാക്കള്‍ സജീവമായി പ്രചാരണരംഗത്തുണ്ട്. തങ്ങളുടെ രണ്ട് സഹോദരന്മാരും മകനുമാണ് ലീഗ് സ്ഥാനാര്‍ത്ഥിയ്ക്കുവേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്.
കേന്ദ്രമന്ത്രി വയലാര്‍ രവി പ്രചാരണത്തിനെത്തുമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ.ബി ഗണേശ് കുമാര്‍ എംഎല്‍എ ശനിയാഴ്ച യുഡിഎഫ് പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തിയിട്ടുണ്ട്.
എല്‍ഡിഎഫിന്റെ പത്ത് മന്ത്രിമാരാണ് മണ്ഡലത്തില്‍ തമ്പടിച്ചിരിക്കുന്നത്. എന്നാല്‍ ശനിയാഴ്ച പ്രധാനമായും മൂന്ന് പേര്‍ മാത്രമാണ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിപാടികളില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തിരുവമ്പാടിയിലെത്തി വോട്ടര്‍മാരെ അഭിസംബോധന ചെയ്തിരുന്നു.
ആറുമാസം നീണ്ട ഭരണത്തില്‍ കൊണ്ടുവന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങല്‍ എല്‍ഡിഎഫ് ആയുധമാക്കുമ്പോള്‍ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ പൊലീസ് റെയ്ഡ് ഉള്‍പ്പെടെയുള്ള വിവാദ പ്രശ്നങ്ങളാണ് യുഡിഎഫിന് ആത്മവിശ്വാസം പകരുന്നത്.












Click it and Unblock the Notifications