പെട്രോള്‍, ഡീസല്‍ വില കുറച്ചു
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പെട്രോള്‍ ലിറ്ററിന് രണ്ട് രൂപയും ഡീസലിന് ഒരു രൂപയും ആണ് കുറയുന്നത്.
പെട്രോളിയം മന്ത്രി മുരളി ദിയോറയാണ് ഇക്കാര്യം ബുധനാഴ്ച രാജ്യസഭയില്‍ വെളിപ്പെടുത്തിയത്. വിലക്കുറവ് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്ന് ഇന്ധനവിലകുറയ്ക്കണമെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ദിയോറ ഇക്കാര്യത്തില്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു.
പെട്രോളിയം ഉല്‍പ്പന്നങ്ങളൂടെ വില കുറഞ്ഞ സാഹചര്യത്തില്‍ ആഭ്യന്തര വില കുറയ്ക്കണമെന്ന് ഇടതുപക്ഷ കക്ഷികളും പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നിലവിലുള്ള വിലപ്രകാരം ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുന്നതിലൂടെ 3.67രൂപയാണ് എണ്ണ കമ്പനികള്‍ക്ക് ലഭിക്കുന്നത്. വില കുറയ്ക്കുന്നതോടെ ലാഭം രണ്ട് രൂപയായി കുറയും. ഒരു ലിറ്റര്‍ ഡീസലിന്റെ വില്പനയിലൂടെ 1.01രൂപയുടെ നഷ്ടമാണ് ഇപ്പോഴുണ്ടാവുന്നത്. വില കുറയുന്നതോടെ നഷ്ടം രണ്ട് രൂപയാവും.
ഇപ്പോള്‍ പെട്രോള്‍ വില്പനയിലൂടെ എണ്ണ കമ്പനികള്‍ക്ക് ഒരു ദിവസം 78 കോടി രൂപയുടെ ലാഭമാണ് ലഭിക്കുന്നത്. ഇത് 34 കോടിയായി കുറയും. ഡീസല്‍ വില കുറയ്ക്കുന്നതിലൂടെ ഇപ്പോഴുണ്ടാകുന്ന നഷ്ടം ഇരട്ടിയാവും.