കൊലക്കേസില്‍ കുറ്റക്കാരന്‍; കേന്ദ്രമന്ത്രി സോറന്‍ രാജിവച്ചു
ദില്ലി: കേന്ദ്ര കല്‍ക്കരി മന്ത്രി ഷിബു സോറന്‍ കൊലക്കേസില്‍ കുറ്റക്കാരനാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു. ഇതേ തുടര്‍ന്ന് സോറന്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു.
തന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശശിനാഥ് ഝായെ 1994ല്‍ കൊല്ലപ്പെടുത്തിയ കേസിലാണ് സോറന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. സോറന്റെ രാജി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സ്വീകരിച്ചു.
വിധി കേട്ടയുടനെ കോടതി മുറിയില്‍ മയങ്ങി വീണ സോറനെ ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. സോറനെ ജുഡീഷ്യല്‍ കസ്റഡിയിലയക്കണമെന്ന് പ്രത്യേക കോടതി ജഡ്ജി ഉത്തരവിട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.
1993ല്‍ നരസിംഹ റാവു സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്തതിനു പ്രതിഫലമായി സോറനടക്കമുള്ള ജെഎംഎം എംഎല്‍എമാര്‍ കോഴ വാങ്ങിയത് നേരിട്ടറിവുണ്ടായിരുന്ന ഝായെ തട്ടിക്കൊണ്ടുപോയി കൊന്നുവെന്നാണ് കേസ്. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരം സോറന്‍ കുറ്റക്കാരനാണെന്നാണ് കോടതി വിധി.
ഇത് മൂന്നാം തവണയാണ് സോറന്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജി വയ്ക്കുന്നത്. 2004 മെയില്‍ യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സോറന്‍ ചിരുദി കൂട്ടക്കൊലക്കേസിലെ അറസ്റ് വാറന്റിനെ തുടര്‍ന്ന് രാജിവച്ചു. നവംബറില്‍ ജാമ്യം ലഭിച്ചു മന്ത്രിസഭയില്‍ തിരിച്ചെത്തി. 2005 മാര്‍ച്ച് രണ്ടിന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാവാന്‍ വേണ്ടിയായിരുന്നു വീണ്ടും രാജിവച്ചത്. മുഖ്യമന്ത്രിയായി ഒമ്പതാം ദിവസം രാജിവയ്ക്കേണ്ടി വന്നു. 2006 ജനവരിയിലാണ് വീണ്ടും കേന്ദ്ര കല്‍ക്കരി മന്ത്രിയായത്.












Click it and Unblock the Notifications