കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഫൊക്കാന
തിരുവനന്തപുരം: അനുകൂലമായ സാമൂഹിക-രാഷ്ട്രീയസ്ഥിതി ഉണ്ടാവുകയാണെങ്കില്‍ കേരളത്തില്‍ സാമ്പത്തിക നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് വടക്കേഅമേരിക്കയിലെ കേരള അസോസിയേഷനുകളുടെ സംയുക്ത സംഘടനയായ ഫൊക്കാന( ദി ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക).
കേരളത്തില്‍ നിക്ഷേപം നടത്തുന്നതു സംബന്ധിച്ച് പ്രവാസി മലയാളികള്‍ക്കുള്ള ഉത്കകണ്ഠ ഇല്ലാതാക്കാന്‍ സര്‍ക്കാറിന് ഇതേവരെ കഴിഞ്ഞിട്ടില്ലെന്ന് ഫൊക്കാന പ്രസിഡന്റ് ശശിധരന്‍ നായര്‍ പറഞ്ഞു. ഈ അവസ്ഥ മാറ്റി കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കിമാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം.
അത്തരത്തിലൊരു സമീപനം സംസ്ഥാനസര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയാണെങ്കില്‍ ഫൊക്കാനയ്ക്ക് കേരളത്തിലെ സാമ്പത്തിക പുരോഗതിയ്ക്ക് ഗുണം ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
മെഡിക്കല്‍ ടൂറിസം രംഗത്തെ പുതിയ പ്രവണതകളെ മുന്‍നിര്‍ത്തി കേരളത്തിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഒരു ബ്രാന്റ് അംബാസിഡറെ നിയമിക്കണമെന്നും മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ള ആശുപത്രികളുടെ ഗുണനിലവാരമുയര്‍ത്തി ഈ പുതിയ പ്രവണതയെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വകാര്യ മേഖലയില്‍ രാജ്യാന്തര വിമാനത്താവളം സ്ഥാപിക്കുന്നതിനായി ആറന്മുളയില്‍ 250 ഏക്കര്‍ ഭൂമി ഏറ്റെടുത്തുനല്‍കാന്‍ ഒരു പ്രവാസി മലയാളി തയ്യാറായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും അനുമതി നല്‍കുകയാണെങ്കില്‍ ഈ പദ്ധതിയില്‍ നിക്ഷേപം നടത്താനും യുഎസിലെ മലയാളികള്‍ തയ്യാറാണ്- ശശിധരന്‍ നായര്‍ അറിയിച്ചു.












Click it and Unblock the Notifications