വിഴിഞ്ഞം പദ്ധതി: ആവശ്യമെങ്കില്‍ പുതിയ ടെന്‍ഡര്‍ വിളിക്കുമെന്ന് മന്ത്രി
തിരുവന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നടത്തിപ്പിനായി ആവശ്യം വന്നാല്‍ പുതിയ രാജ്യാന്തര ടെന്‍ഡര്‍ വിളിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി എ. വിജയകുമാര്‍ പറഞ്ഞു.
നിലവില്‍ ടെന്‍ഡര്‍ നല്‍കിയിരുന്ന ചൈനീസ് കമ്പനിയ്ക്ക് സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്രം അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും അക്കാര്യം പുന:പരിശോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ മറുപടി ലഭിച്ചാലുടന്‍ തന്നെ ആവശ്യമാണെങ്കില്‍ പുതിയ ടെന്‍ഡര്‍ വിളിക്കും.
ചൈനീസ് കമ്പനി മുന്നോട്ടുവെച്ച അതേ നിബന്ധനകളനുസരിച്ച് പദ്ധതി നടപ്പാക്കാമെന്ന് വ്യവസായ പ്രമുഖനായ രാജീവ് ചന്ദ്രശേഖര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിനും രാജ്യാന്തര ടെന്‍ഡറില്‍ പങ്കെടുക്കാം-മന്ത്രി അറിയിച്ചു.
കൊച്ചിയില്‍ സ്ഥാപിക്കുന്ന വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് എല്ലാ അനുമതിയും ലഭിച്ചുകഴിഞ്ഞു. ദുബായ് പോര്‍ട്സ് പങ്കെടുക്കുന്നതിനെതിരെ സുരക്ഷാപ്രശ്നം ഉന്നയിക്കപ്പെട്ടിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചിട്ടുണ്ട്.
കണ്ണൂര്‍ വിമാനത്താവള പദ്ധതിയ്ക്കുള്ള അനുമതിയും എത്രയും പെട്ടന്നുണ്ടാവും. ഇതിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയിട്ടുണ്ട്. എന്നാല്‍ ആറന്മുളയില്‍ സ്വകാര്യ വിമാനത്താവളം സ്ഥാപിക്കുന്നത് സംബന്ധിച്ച് ഒരു നിര്‍ദ്ദേശവും സര്‍ക്കാരിന് മുന്നിലില്ല- വിജയകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications