ശബരിമലയില്‍ ദര്‍ശന സമയം ദീര്‍ഘിപ്പിച്ചു
ശബരിമല: ഭക്തരുടെ വന്‍തിരക്കനുഭവപ്പെടുന്നതിനെത്തുടര്‍ന്ന് ശബരിമലയിലെ ദര്‍ശന സമയം ദീര്‍ഘിപ്പിച്ചു.
പകല്‍സമയത്ത് മുപ്പത് മിനിറ്റ് കൂടുതല്‍ സമയം ദര്‍ശനത്തിനായി അനുവദിക്കാനാണ് തീരുമാനമായത്. പുതിയ സമയം വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്നു.
മാറ്റിയ സമയപ്രകാരം ഉച്ചപൂജ സമയത്ത് 1.30ന് മാത്രമേ നടയടയ്ക്കുകയുള്ളു. ദര്‍ശനത്തിനായി ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് പലപ്പോഴും ദീര്‍ഘസമയം നില്‍ക്കേണ്ടിവരുന്ന സ്ഥിതിമാറ്റാനാണ് സമയം നീട്ടിനല്‍കിയിരിക്കുന്നതെന്ന് ദേവസ്വം പ്രസിഡന്റ് ജി. രാമന്‍ നായര്‍ അറിയിച്ചു.
ഭക്തരുടെ തിരക്ക് വീണ്ടും കൂടുകയാണെങ്കില്‍ അത്താഴ പൂജ സമയത്തെ ദര്‍ശന സമയവും മാറ്റുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.
ഇപ്പോള്‍ അത്താഴപൂജ കഴിഞ്ഞ് 11മണിയ്ക്കാണ് നടയടയ്ക്കുന്നത്. അരമണിക്കൂര്‍ കൂടി നീട്ടി നടയടയ്ക്കുന്നത് 11.30 ന് ആക്കുകയെന്ന നിര്‍ദ്ദേശമാണ് പരിഗണനയിലുള്ളത്. സമയം മാറ്റിയതോടെ ദിവസം രണ്ടായിരം ഭക്തര്‍ക്കെങ്കിലും ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ കഴിയും.












Click it and Unblock the Notifications