സച്ചാര്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കരുത്: ബിജെപി
തൃശ്ശൂര്‍: മുസ്ലിം സമൂഹത്തിന്റെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ജസ്റിസ് രാജേന്ദ്ര സച്ചാര്‍ കമ്മിഷന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കരുതെന്ന് ബിജെപി സംസ്ഥാന ഘടകം ആവശ്യപ്പെട്ടു.
മതത്തിന്റെ പേരിലുള്ള സംവരണം പാടില്ലെന്ന് ബി. ആര്‍ അംബേദ്കര്‍, ജവഹര്‍ലാല്‍നഹ്റു എന്നീ നേതാക്കളെല്ലാം അഭിപ്രായപ്പെട്ടതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. കെ കൃഷ്ണദാസ് പറഞ്ഞു. തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ള കണ്ടെത്തലുകള്‍ തീര്‍ത്തും തെറ്റാണ്. എന്നുമാത്രമല്ല ഈ കണ്ടെത്തലുകളിലൂടെ കമ്മിഷന്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതുമാണ്. മുസ്ലിം ജനത പിന്നോക്കാവസ്ഥയിലാണെന്ന കണ്ടെത്തല്‍ തീര്‍ത്തും അശാസ്ത്രീയമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകള്‍ പിന്നോക്കം നില്‍ക്കുന്നതിനുള്ള പ്രധാന കാരണക്കാര്‍ മതനേതാക്കളാണ്. ഒരു വിഭാഗത്തിന് മാത്രം മുന്‍ഗണനയും കൂടുതല്‍ സഹായങ്ങളും നല്‍കുന്നത് രാജ്യത്ത് വിഭാഗീയത വളരാനിടയാക്കും- കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ മുസ്ലിം സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ അവസര സമത്വ കമ്മിഷന്‍ രൂപീകരിക്കണമെന്ന് വ്യാഴാഴ്ച ലോക് സഭയില്‍വെച്ച സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. താഴേത്തട്ടിലുള്ള ജനാധിപത്യ പ്രക്രിയയില്‍ മുസ്ലിം പ്രാതിനിധ്യം തീരെ കുറവാണെന്ന് കണ്ടെത്തിയ കമ്മിഷന്‍ അത് പരിഹരിക്കാന്‍ ശ്രദ്ധാ പൂര്‍വ്വമുള്ള നാമനിര്‍ദ്ദേശ പ്രക്രിയയ്ക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications