കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കയ്യൂര്‍ സ്മാരകം വിവാദത്തിലേയ്ക്ക്
കണ്ണൂര്‍: കയ്യൂര്‍ സമരത്തിലെ രക്തസാക്ഷികള്‍ക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്മാരകം നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിവാദമാകുന്നു.
ജയില്‍ വകുപ്പിന്റെ അറിവില്ലാതെയാണ് ജയില്‍ പരിസരത്ത് സ്മാരകം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. നവംബര്‍ 27ന് കണ്ണൂര്‍ എഡിഎം, ഒര ുജില്ലാ ഡിവൈഎസ്പി, സിപിഎം ജില്ലാ സെക്രട്ടറി എം. വി ഗോവിന്ദന്‍ എന്നിവരാണ് ജയിലിലെത്തി സ്മാരകത്തിനുള്ള സ്ഥലം തിട്ടപ്പെടുത്തിയത്. രണ്ടു ദിവസം കൊണ്ട് തന്നെ സ്മാരകത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വെള്ളിയാഴ്ച സ്മാരകം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജയില്‍ സൂപ്രണ്ട് മൊയ്തീന്‍ അബ്ദുള്‍ ഖാദര്‍ ഈ വിവരം ജയില്‍ ആസ്ഥാനത്ത് അറിയിച്ചതുമില്ല. അദ്ദേഹം അവധിയെടുത്ത് സ്ഥലത്തുനിന്നും മാറിനില്‍ക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി വന്നതോടെ ജയില്‍ വകുപ്പിന്റെ അറിവോടെയാണ് സ്മാരകം നിര്‍മ്മിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ സെക്രട്ടേറിയറ്റില്‍ വ്യാജരേഖകള്‍ ചമയ്ക്കുന്നതിനുള്ള ശ്രമവും നടന്നു.
കയ്യൂര്‍ സമരത്തില്‍ പ്രതികളായ തൂക്കിലെറ്റപ്പെട്ട മഠത്തില്‍ അപ്പു, കെ. ചിരുകണ്ഠന്‍ , പി.കെ നായര്‍, പള്ളിക്കല്‍ അബൂബക്കര്‍ , പൊടവറ കുഞ്ഞമ്പു നായര്‍ എന്നിവര്‍ക്കുവേണ്ടിയാണ് സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്. സമരവുമായി ബന്ധപ്പെട്ട് 1941 മാര്‍ച്ച് 29ന് തൂക്കിലേറ്റുന്നതുവരെ ഇവര്‍ മൂന്നുപേരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ക്കഴിഞ്ഞിരുന്നു.
കയ്യൂര്‍ സമരം സ്വാതന്ത്യ്ര സമരത്തിന്റെ ഭാഗമാണെന്നാണ് സിപിഎമ്മിന്റെ വാദം. എന്നാല്‍ എം.ജി.എസ് നാരായണനുള്‍പ്പെടെയുള്ളചരിത്രകാരന്‍മാര്‍ ഈ സമരം സ്വാതന്ത്യ്ര സമരത്തിന്റെ ഭാഗമല്ലെന്ന് പഠനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സമരകാലത്ത് പുഴയില്‍ വീണ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞു കൊന്നു എന്നപേരിലാണ് ഇവര്‍ നാലുപേരെയും തൂക്കിക്കൊന്നത്. അങ്ങനെ ഒരു യാഥാര്‍ത്ഥ്യം നിലവിലുള്ളപ്പോള്‍ ഈ സമരം എങ്ങനെയാണ് സ്വാതന്ത്യ്ര സമരത്തിന്റെ ഭാഗമാകുന്നതെന്നാണ് എം.ജി.എസ് നാരായണന്‍ ചോദിച്ചിരിക്കുന്നത്.
കയ്യൂര്‍ സമരം സ്വാന്ത്യ്ര സമരത്തിന്റെ ഭാഗമല്ലെന്നും ഇടതുസര്‍ക്കാര്‍ ഇത്തരത്തില്‍അധികാര ദുര്‍വിനിയോഗം നടത്തി നാടുനീളെ പാര്‍ട്ടി സ്മാരകങ്ങള്‍ നിര്‍മ്മിക്കുകയാണെന്നും മുന്‍ മന്ത്രി കെ. സുധാകരനും ആരോപിച്ചു.
രാജ്യത്ത് ഇതാദ്യമായാണ് തടവുകാരുടെ പേരില്‍ ഏതെങ്കിലും ജയിലില്‍ ഒരു സ്മാരകമുയരുന്നത്. മാത്രമല്ല വിവിധ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരായ തടവുകാരുള്ള ജയില്‍ ഒരു പ്രത്യേക പാര്‍ട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കുവേണ്ടി സ്മാരകം നിര്‍മ്മിക്കുന്നത് അരാജകത്വം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല മറ്റു പാര്‍ട്ടികളും ഇത്തരം ആവശ്യങ്ങളുമായി മുന്നോട്ട് വരാന്‍ സാധ്യതയുണ്ട്.
ഇതിനിടെയാണ് ഭാരതീയ അഭിഭാഷക പരിഷത് സെക്രട്ടറി എന്‍ . നഗരേഷ് ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്മാരക നിര്‍മ്മാണം തടണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റിസ് വി. കെബാലി, ജസ്റിസ് എസ്. സിരിജഗന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യാഴാഴ്ച നോട്ടീസ് പുറപ്പെടുവിച്ചു.
കോടതിയില്‍ ഹര്‍ജിയെത്തിയതിനെത്തുര്‍ന്ന് ജയില്‍ അധികൃതരില്‍ നിന്ന് സ്മാരകനിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ കൈപ്പറ്റി സ്മാരക നിര്‍മ്മാണം ജയില്‍ വകുപ്പിനെ മുന്‍കൂട്ടി അറിയിച്ചിരുന്നവെന്ന് വ്യാജരേഖ ചമയ്ക്കാനുള്ള നീക്കവും സെക്രട്ടേറിയറ്റില്‍ നടന്നു.
സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയ്ക്ക് ജയില്‍ വളപ്പില്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകൊടുക്കുന്നതും ജയില്‍വളപ്പില്‍ ഇത്തരം സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതും നിയമവിരുദ്ധമാണെന്നാരോപിച്ചാണ് നഗരേഷ് ഹര്‍ജി സമര്‍പ്പിച്ചത്. ചൊവ്വാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും












Click it and Unblock the Notifications