നാല് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുപ്രിം കോടതി റദ്ദാക്കി
ദില്ലി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകള്‍ സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശനം നല്‍കിയ നാല് വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കിയതായി സുപ്രിം കോടതി ഉത്തരവിട്ടു.
പെരിന്തല്‍മണ്ണ എംഇഎസ് മൂന്ന് സീറ്റിലും കോലഞ്ചേരി ഓര്‍ത്തഡോക്സ് മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ എന്നിവര്‍ രണ്ടു വീതം സര്‍ക്കാര്‍ സീറ്റുകളിലുമാണ് പ്രവേശനം നടത്തിയിരുന്നത്.
നാല് വിദ്യാര്‍ത്ഥികള്‍ക്ക് കൊച്ചി സ്വാശ്രയമെഡിക്കല്‍ കോളജില്‍ പ്രവേശനം നല്‍കാമെന്ന് സര്‍ക്കാര്‍ ഇതിന് മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ വാഗ്ദാനം നല്‍കിയിരുന്നു. ആര്‍ക്കൊക്കെയാണ് പ്രവേശനം നല്‍കേണ്ടതെന്ന് സിബിഎസ്ഈ പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തീരുമാനിയ്ക്കും.
ഇവരെക്കൂടാതെ ബാക്കിയുള്ള മൂന്ന് പേരുടെയും തിരുവനന്തപുരം എസ്യുടി മെഡിക്കല്‍ കോളജില്‍ ഇത്തരത്തില്‍ പ്രവേശനം നേടിയ ഒരു വിദ്യാര്‍ത്ഥിയുടെയും കാര്യമാണ് കോടതി വെള്ളിയാഴ്ച പരിഗണിച്ചത്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം പ്രവേശനം നല്‍കുന്ന കാര്യം മാനേജ്മെന്റുകള്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.
പ്രവേശനം നിയമപരമായി നിലനില്‍ക്കില്ലെന്നും അതുകൊണ്ട് റദ്ദാക്കുകയാണെന്നും വിധി പുറപ്പെടുവിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശനം നടത്താന്‍ മാനേജ്മെന്റുകള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വീണ്ടും അറിയിച്ചു.
സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകള്‍ ഒഴിവുള്ള സര്‍ക്കാര്‍ ക്വോട്ടയില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചതിന് എതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.












Click it and Unblock the Notifications