പതിനൊന്നാമത് രാജ്യാന്തര ചലച്ചിത്രമേള വെള്ളിയാഴ്ച തുടങ്ങും
തിരുവനന്തപുരം: പതിനൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേള വെള്ളിയാഴ്ച ആരംഭിക്കും.
വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മലയാളത്തിലെ മുതിര്‍ന്ന 34 ചലച്ചിത്ര പ്രതിഭകള്‍ സംയുക്തമായി ദീപം തെളിയിച്ചാണ് മേള ഉദ്ഘാടനം ചെയ്യുക. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
പി.ഭാസ്കരന്‍, എ.വിന്‍സെന്റ, കെ.എസ് സേതുമാധവന്‍, ശശികുമാര്‍, കെ.ടി മുഹമ്മദ്, എം.ടി വാസുദേവന്‍ നായര്‍, മധു, ഷീല, ആറന്മുള പൊന്നമ്മ, കവീയൂര്‍ പൊന്നമ്മ,സുകുമാരി, അടൂര്‍ പങ്കജം, ടി. ഇ വാസുദേവന്‍, നവോദയ അപ്പച്ചന്‍, ഒ.എന്‍.വി കുറുപ്പ്, വി.ദക്ഷിണാമൂര്‍ത്തി, യേശുദാസ്, എസ്. ജാനകി, ശാന്താ പി നായര്‍, തുടങ്ങി ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖരാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഈ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും ഇതിനൊടൊപ്പം നടക്കും. കേരളപ്പിറവിയുടെ അമ്പതാം വാര്‍ഷികത്തിന്റെ പ്രതീകമായി വേദിയില്‍ അമ്പത് വിളക്കുകളും തെളിയിക്കുന്നുണ്ട്.
മലയാള ചലച്ചിത്ര ഗാനങ്ങളുടെ ആവിര്‍ഭാവത്തെക്കുറിച്ച് സൂര്യകൃഷ്ണമൂര്‍ത്തി തയ്യാറാക്കിയ സംഗീതശില്പം ഉദ്ഘാടനവേദിയില്‍ അവതരിപ്പിക്കും.
മൂന്നാം ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള ചലച്ചിത്രങ്ങള്‍ക്ക് മൂന്‍ഗണന നല്‍കിക്കൊണ്ടുള്ള മേളയില്‍ 200ലേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 14ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications